1970 സെപ്റ്റംബർ 20. ന്യൂയോർക്കിലെ ഈസ്റ്റ് ഹാംപ്റ്റൺ... ' ഫ്രീ ലൈഫ് ' എന്ന കൂറ്റൻ ഹീലിയം യാത്രാ ബലൂൺ അറ്റ്‌ലാൻഡിക് സമുദ്രത്തെ മുറിച്ചു കടക്കുക എന്ന ലക്ഷ്യത്തോടെ പറന്നുയരാൻ തയാറായി നില്ക്കുകയാണ്. മാൽകം ബ്രൈറ്റൺ, റോഡ്നി ആൻഡേഴ്സൺ, ഭാര്യ പമേല ബ്രൗൺ എന്നിവരാണ് ബലൂണിനുള്ളിൽ ഉണ്ടായിരുന്നത്.
നടി കൂടിയായ പമേലയ്ക്ക് 28 വയസായിരുന്നു പ്രായം. കെന്റകി സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മകൾ കൂടിയായിരുന്നു പമേല. പമേലയും 32 കാരനായ ഭർത്താവ് റോഡ്നി ആൻഡേഴ്സണും തന്നെയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചത്. അറ്റ്‌ലാൻഡിക് സമുദ്രത്തെ മനുഷ്യ നിയന്ത്രണത്തിലുള്ള ബലൂണിൽ മുറിച്ചു കടക്കുക.!
ബലൂൺ തയാറാക്കുന്നതിന് ചെലവഴിച്ച തുക, ദൗത്യം പൂർത്തിയായി എത്തുമ്പോൾ തങ്ങളുടെ അനുഭവങ്ങൾ പുസ്തക രൂപത്തിൽ എഴുതി വിറ്റ് തിരിച്ചുപിടിക്കാനും അവർ ലക്ഷ്യമിട്ടു. 32 കാരനായ ബ്രിട്ടീഷ് ബലൂണിസ്റ്റ് മാൽകം ബ്രൈറ്റണിനെയാണ് ദമ്പതികൾ തങ്ങൾ യാത്ര തിരിക്കാൻ പോകുന്ന ബലൂണിന്റെ ' പൈലറ്റ് ' ആയി തിരഞ്ഞെടുത്തത്. നേരത്തെ നിരവധി ആകാശനൗകകളായ ബലൂണുകൾ നിർമിച്ചും അവ പറത്തിയും പരിചയമുള്ളയാളായിരുന്നു ബ്രൈറ്റൺ. യൂറോപിലെ ആദ്യ മോഡേൺ ഹോട്ട് എയർ ബലൂണായ ' ബ്രിസ്റ്റൽ ബെല്ലി'ന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു ബ്രൈറ്റൺ.
ഫ്രീ ലൈഫ്, റോസിയർ ഇനത്തിൽപ്പെട്ട ബലൂൺ ആയിരുന്നു. ചുടുവായുവും, ഭാരം കുറഞ്ഞ വാതകങ്ങളും ഉപയോഗിക്കുന്ന തരം ബലൂണുകളാണിവ. വളരെ ദൈർഘ്യമേറിയ യാത്രകൾക്ക് ഉപയോഗിച്ചിരുന്ന റോസിയർ ബലൂണുകളിൽ, പ്രത്യേകം അറകളിൽ നിറച്ചിരിക്കുന്ന വാതകങ്ങൾ ഉപയോഗിച്ചാണ് ഉയർത്തൽ ബലം സാദ്ധ്യമാകുന്നത്. ആദ്യമായാണ് റോസിയർ ഇനത്തിലെ ബലൂൺ അറ്റ്‌ലാൻഡിക് സമുദ്രത്തെ മറികടക്കാൻ ഒരുങ്ങുന്നത്. ഹീലിയം വാതകമായിരുന്നു ഫ്രീ ലൈഫിൽ ഉപയോഗിച്ചിരുന്നത്. മാർക് സെമിച്ച് എന്നയാളാണ് ഫ്രീ ലൈഫ് നിർമിച്ചത്.
എന്നാൽ ഫ്രീ ലൈഫിനെ അറ്റ്‌ലാൻഡികിന് കുറുകേ പറത്താനുള്ള ബ്രൈറ്റണിന്റെ തീരുമാനത്തെ അപകട സാദ്ധ്യത മുന്നിൽ കണ്ട് പലരും എതിർത്തു. പക്ഷേ, എതിർപ്പുകൾ അവഗണിച്ച് ചരിത്രം തിരുത്തുക എന്ന ലക്ഷ്യത്തോടെ റോഡ്നി ആൻഡേഴ്സണിനേയും ഭാര്യ പമേല ബ്രൗണിനേയും വഹിച്ച് ബ്രൈറ്റണിന്റെ നിയന്ത്രണത്തിൽ ഫ്രീ ലൈഫ് ബലൂൺ ആകാശത്തേക്ക് പറന്നുയർന്നു. അന്ന് വളരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഫ്രീ ലൈഫ് പറന്നുയരുന്നത് കാണാൻ വൻ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. എല്ലാവർക്കും കൈവീശിക്കൊണ്ട് ആൻഡേഴ്സണും പമേലയും ബ്രൈറ്റണും യാത്ര തുടങ്ങി.
മഞ്ഞ, വെള്ള, ഓറഞ്ച് നിറങ്ങൾ ഇടകലർന്നതായിരുന്നു ഫ്രീ ലൈഫ്. ഏകദേശം 80 അടി പൊക്കമുണ്ടായിരുന്നു ഫ്രീ ലൈഫിന്. പറന്നുയർന്ന് 30 മണിക്കൂറുകൾക്ക് ശേഷം അത് സംഭവിച്ചു. രാത്രി സമയത്ത് ബലൂണിന്റെ ഉയരം നിലനിറുത്താൻ രൂപകല്പന ചെയ്തിരുന്ന സംവിധാനം തകരാറിലായി. ഇതിനിടെ ശക്തമായി മഴയും കാറ്റും കൂടി ഉണ്ടായതോടെ ന്യൂഫൗണ്ട്‌ലാൻഡിന് തെക്ക് കിഴക്ക് 600 മൈൽ അകലെ വച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തെ ലക്ഷ്യമാക്കി ബലൂൺ നിയന്ത്രണം വിട്ട് താഴാൻ തുടങ്ങി.
കടലിൽ പതിക്കുന്നതിന് മുമ്പ് ഫ്രീ ലൈഫിൽ നിന്നും തങ്ങൾ അപകടത്തിലാണെന്നും രക്ഷിക്കണമെന്നുമുള്ള സന്ദേശം രക്ഷാപ്രവർത്തകർക്ക് ലഭിച്ചു. വൈകാതെ ഫ്രീ ലൈഫ് പ്രഷുബ്ദമായി കിടന്ന അറ്റ്‌ലാൻഡികിൽ പതിച്ചു. റോയൽ കനേഡിയൻ കനേഡിയൻ എയർ ഫോഴ്സ്, യു.എസ് എയർ ഫോഴ്സ്, യു.എസ് കോസ്റ്റ് ഗാർഡ് എന്നിവർ ബലൂണിലുണ്ടായിരുന്നവർക്കായി സംയുക്തമായി തിരച്ചിൽ നടത്തി. 14 ദിവസം തിരച്ചിൽ നടത്തി. ബലൂണിന്റെ ചില ഭാഗങ്ങൾ മാത്രം കണ്ടെത്തി.
മാൽകം ബ്രൈറ്റൺ, റോഡ്നി ആൻഡേഴ്സൺ, ഭാര്യ പമേല ബ്രൗൺ എന്നിവർക്ക് എന്ത് സംഭവിച്ചു ? ആർക്കുമറിയില്ല. അവർ മരിച്ചെന്ന് തന്നെയാണ് അധികൃതരെത്തിയ നിഗമനം. അറ്റ്‌ലാൻഡികിനെ മറികടക്കുക എന്ന അവരുടെ സ്വപ്നം കടലാഴങ്ങളിൽ മറഞ്ഞു. എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം, 1978ൽ അമേരിക്കക്കാരായ ബെൻ അബ്ര്യൂസോ, മാക്സി ആൻഡോഴ്സൺ, ലാറി ന്യൂമാൻ എന്നിവർ ഫ്രീ ലൈഫിന് സമാനമായ ' ഡബിൾ ഈഗിൾ II ' എന്ന ഹീലിയം ബലൂൺ 137 മണിക്കൂറുകൾ കൊണ്ട് അറ്റ്‌ലാൻഡിക് സമുദ്രത്തെ വിജയകരമായി മറികടക്കുക തന്നെ ചെയ്തു.