lk-advani-

ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിലെ കോടതി വിധി സ്വാഗതംചെയ്യുന്നുവെന്ന് മുതിർന്ന നേതാവ് എൽ കെ അദ്വാനി. 'വിധി ഞാൻ പൂർണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള എന്റെ വ്യക്തിപരമായുള്ള വിശ്വാസത്തോടൊപ്പം ബി ജെ പിയുടെ വിശ്വാസവും പ്രതിബദ്ധതയും ഈ വിധിയിലൂടെ വ്യക്തമാകുകയാണ് ചെയ്യുന്നത്. ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ'-അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് കേസിൽ പ്രതികളായ അദ്വാനി ഉൾപ്പടെ 32പേരെയും വെറുതെവിട്ടുകൊണ്ട് കോടതി വിധിപുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്‌തല്ലെന്നായിരുന്നു ലക്നൗ സി.ബി.ഐ കോടതിയുടെ വിധി പ്രസ്‌താവം. സി.ബി.ഐ കോടതിയിൽ ഹാജരാക്കിയ ഫോട്ടോഗ്രാഫുകൾ തെളിവായി അംഗീകരിക്കാൻ കഴിയില്ല. ഗൂഢാലോചന നടത്തിയതിന് തെളിവുകൾ മുന്നോട്ട് വയ്‌ക്കാൻ സി.ബി.ഐയ്‌ക്ക് കഴി‌ഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.