പാരീസ് : ഉപ്പൂറ്റിയിലെ പരിക്ക് അധികരിച്ചതിനെത്തുടർന്ന് മുൻ ലോക ഒന്നാം നമ്പർ വനിതാതാരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് പിന്മാറി. ഇന്നലെ ബൾഗേറിയൻ താരം സ്വെറ്റാന പിറോങ്കോവയുമായുള്ള രണ്ടാം റൗണ്ട് പോരാട്ടത്തിന് മുമ്പാണ് സെറീന പിൻമാറ്റം പ്രഖ്യാപിച്ചത്.ആദ്യ റൗണ്ടിൽ സെറീന സ്വന്തം നാട്ടുകാരി ക്രിസ്റ്റീ ആനിനെ 7-6,6-0ത്തിന് തോൽപ്പിച്ചിരുന്നു.
യു.എസ് ഓപ്പണിനിടെ സംഭവിച്ച പരിക്കുമായാണ് 39കാരിയായ സെറീന പാരീസിലെത്തിയിരുന്നത്. ആദ്യ റൗണ്ട് കഴിഞ്ഞതോടെ തനിക്ക് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായെന്ന് മൂന്ന് തവണ ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുള്ള സെറീന പറയുന്നു. ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ വിധിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണിൽ ഇനി സെറീന കളിക്കാൻ ഇറങ്ങിയേക്കില്ല.
ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾ എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കാഡിനൊപ്പമെത്താൻ സെറീനയ്ക്ക് ഒരു കിരീടം കൂടിമതി. പക്ഷേ 2017 ആസ്ട്രേലിയൻ ഓപ്പണിന് ശേഷം സെറീന ഒരു ഗ്രാൻസ്ളാം ടൂർണണമെന്റിലും വിജയിച്ചിട്ടില്ല.
യു.എസ് ഓപ്പണിൽ നിന്ന് വിലക്കപ്പെട്ട് പുറത്തുപോകേണ്ടിവന്ന നിലവിലെ പുരുഷ ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ വിജയം. സ്വീഡന്റെ മൈക്കേൽ വൈമറെ 6-0,6-2,6-3 എന്ന സ്കോറിനാണ് നൊവാക്ക് കീഴടക്കിയത്. തന്റെ 18-ാം ഗ്രാൻസ്ളാം കിരീടം ലക്ഷ്യമിടുന്ന നൊവാക്ക് രണ്ടാം റൗണ്ടിൽ റിക്കാദാസ് ബെരാങ്കിസിനെ നേരിടും.
മറ്റൊരു ആദ്യറൗണ്ട് മത്സരത്തിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസ് സ്പാനിഷ് യുവതാരം യോമെ മുനാറിനോട് അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ വിജയം കണ്ടു. സ്കോർ : 4-6,2-6,6-1,6-4,6-4.ഡെനിസ് ഷാപ്പോവലോവ്,ബാറ്റിസ്റ്റ അഗ്യൂട്ട്,ഗ്രിഗോർ ഡിമിത്രോവ് തുടങ്ങിയവരും ആദ്യറൗണ്ടിൽ വിജയം നേടി.
മുൻ ലോക ഒന്നാം നമ്പർ വനിതാ താരം വിക്ടോറിയ അസരെങ്ക രണ്ടാം റൗണ്ടിൽ സ്ളൊവാക്യയുടെ അന്ന കരോലിനയോട് തോറ്റ് പുറത്തായി. സ്കോർ : 6-2,6-2.
നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ അമേരിക്കയുടെ മക്കെൻസീ മക്ക്ഡൊണാൾഡിനെ 6-1,6-0,6-3ന് കീഴടക്കി മൂന്നാം റൗണ്ടിലെത്തി.