ലണ്ടൻ: ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും ഭാര്യ കേറ്റ് മിഡിൽടണിന്റേയും പൊന്നോമന പുത്രൻ ഏഴുവയസുകാരൻ ജോർജ് രാജകുമാരന് കഴിഞ്ഞ ദിവസം ഒരു അപൂർവ സമ്മാനം ലഭിച്ചു. ചരിത്രാതീതകാലത്തെ ഒരു സ്രാവിന്റെ പല്ല്. പ്രകൃതിവാദിയും ബ്രോഡ്കാസ്റ്ററുമായ ഡേവിഡ് ആറ്റൻബറോയാണ് രാജകുമാരന് ഈ അമൂല്യ സമ്മാനം നൽകിയത്. എന്നാൽ, ഈ ഫോസിൽ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മാൾട്ട.
പരിസ്ഥിതിയെക്കുറിച്ച് താൻ തയ്യാറാക്കിയ ഡോക്യുമെന്ററി രാജകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രദർശിപ്പിക്കാൻ എത്തിയപ്പോഴാണ് ആറ്റൻബറോ ജോർജിന് സമ്മാനം നൽകിയത്. രാജകുമാരന് അപൂർവമായ ഒരു സമ്മാനം ലഭിച്ച വിവരം കെൻസിംഗ്ടൺ കൊട്ടാരം ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാൾട്ട രംഗത്തെത്തിയത്.
1960 ൽ കുടുംബവുമായി അവധി ആഘോഷിക്കുന്നതിനിടെ ആറ്റൻബറോ ആ സമയത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന മാൾട്ടയിൽ നിന്നും കണ്ടെത്തിയതാണ് ഈ ഫോസിൽ. 23 ദശലക്ഷം വർഷത്തിലധികം പഴക്കം ഫോസിലിന് ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഫോസിൽ അത് കണ്ടെത്തിയ രാജ്യത്തിന് അവകാശപ്പെട്ടതാണെന്നും മാൾട്ടയിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കുന്നതിനായി തിരികെ ലഭിക്കണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രിയായ ജോസ് ഹെരേര ആവശ്യപ്പെട്ടു. ഫോസിലുകൾ ഓരോ രാജ്യത്തെയും സംസ്കാരത്തിന്റെ ഭാഗമാണെന്നും അതിന് ഭൂമിശാസ്ത്രപരമായ പ്രാധാന്യമുണ്ടെന്നുമാണ് മാൾട്ടയുടെ വാദം.
മൂന്നര ദശലക്ഷം വർഷങ്ങൾക്കു മുൻപ് വംശനാശം സംഭവിച്ചെന്ന് കരുതപ്പെടുന്ന മെഗാലോഡൻ എന്ന ഇനത്തിൽപ്പെട്ട സ്രാവിന്റെ പല്ലാണിത്. വളർച്ചയുടെ പല ഘട്ടങ്ങളിലായി ഈ സ്രാവുകളുടെ പല്ലുകൾ നഷ്ടപ്പെടാറുണ്ടായിരുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ വിഷയത്തിൽ കെൻസിംഗ്ടൺ കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല.