ബീജിംഗ്: 23 നഴ്സറി കുട്ടികൾക്ക് വിഷം നൽകിയ കേസിൽ ചൈനയിൽ അദ്ധ്യാപികയെ വധശിക്ഷയ്ക്ക് വിധിച്ചു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടികളിൽ ഒരാൾ മരിച്ചിരുന്നു. ജിയാവോ നഗരത്തിൽ 2019 മാർച്ച് 27നാണ് സംഭവം.
വാങ് യുൻ എന്ന അദ്ധ്യാപികയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രഭാതഭക്ഷണം കഴിഞ്ഞയുടനെ കിന്റർഗാർട്ടനിലെ കുട്ടികളെ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരു കുട്ടി പത്തു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷം ജനുവരിയിലാണ് മരിച്ചത്. സഹപ്രവർത്തകയോടുള്ള വിരോധത്തിന്റെ പേരിൽ കുട്ടികളുടെ ഭക്ഷണത്തിൽ സോഡിയം നൈട്രേറ്റ് കലർത്തുകയായിരുന്നു. അദ്ധ്യാപികയുടെ പ്രവൃത്തി നീചവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി.
മാംസം പാകപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന സോഡിയം നൈട്രേറ്റ് അമിത അളവിലായാൽ അപകടകരമായ വിഷമായി മാറും. വാങ് യുൻ നേരേത്തയും ഇത്തരം പ്രവൃത്തികൾ ചെയ്തിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ വഴി സോഡിയം നൈട്രേറ്റ് വാങ്ങുകയും ഭർത്താവിന് നൽകുകയും ചെയ്തിരുന്നു. ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.