cake

വാഷിംഗ്ടൺ: തന്റെ കണ്ണ് ചൂഴ്ന്നെടുത്ത് അവൾ രുചിച്ചു.

' ആഹാ! നല്ല രുചി, എന്തു മധുരം."

മൂക്ക് മുറിച്ച് ഒരു പ്ളേറ്റിലേക്ക് മാറ്റിവച്ച ശേഷം വലിയ കത്തികൊണ്ട് തല മുറിക്കാൻ തുടങ്ങി. പ്രേത സിനിമയിലെ രംഗങ്ങളാണെന്ന് കരുതാൻ വരട്ടെ. നതാലി സൈഡ്സർഫ് എന്ന യുവതിയുണ്ടാക്കിയ സെൽഫി കേക്കാണിത്. കേക്കിന് നതാലിയുടെ മുഖമാണ്. രണ്ടും അടുത്തുവച്ചാൽ ഒറിജിനൽ ഏതെന്ന് തിരിച്ചറിയുക പ്രയാസം. നതാലി തന്നെയാണ് കേക്കിന്റെ നിർമ്മാതാവ്. അമേരിക്കയിലെ ടെക്സാസിൽ കേക്ക് സ്റ്റുഡിയോ നടത്തുകയാണ് നതാലിയും ഭർത്താവ് ഡോണും. പല തരത്തിലുള്ള കേക്കുകൾ ഉണ്ടാക്കാൻ വിദഗ്ദ്ധയായ നതാലി ഒരു വെറൈറ്റി എന്ന നിലയ്ക്കാണ് ഇത്തരമൊരു പരീക്ഷണത്തിനു മുതിർന്നത്. ചോക്ളേറ്റും പിസ്തയും ബട്ടർസ്കോച്ചുമൊക്കെ ഉപയോഗിച്ചാണ് നതാലി സ്വന്തം രൂപത്തിൽ കേക്കുണ്ടാക്കിയത്. കേക്കുണ്ടാക്കുന്ന വീഡിയോയും മുറിച്ച് കഴിക്കുന്ന വീഡിയോയും നതാലി തന്റെ യു ട്യൂബ് ചാനലിൽ പങ്കുവച്ചു. സംഗതി വൈറലായി. 11 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. പഴങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ, പക്ഷികൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങി എന്തിനെയും കേക്കിലാക്കിയിരുന്ന നതാലി ഒടുവിൽ സ്വന്തം രൂപത്തിൽ കേക്കുണ്ടാക്കി. സെൽഫി കേക്കിന് നിരവധി ഓർഡറുകളുമുണ്ട്.