qantas

വിമാന യാത്രകൾ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കാം. വിമാനത്തിന്റെ ജനാലയിലൂടെ പുറത്തെ കാഴ്ചകളൊക്കെ കണ്ട്, എയർപോർട്ടിന്റെ തിരക്കുകളിലൂടെയുമൊക്കെ സഞ്ചാരികൾ നടന്നിരുന്നത് ഓർക്കുമ്പോൾ ഇപ്പോൾ ആർക്കായാലും വിഷമം തോന്നും. കൊവിഡ് വന്നതോടെ എല്ലാം മാറിമറി‌ഞ്ഞില്ലേ. രാജ്യങ്ങൾ വിട്ട് രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ തന്നെ കൊവിഡ് ഇല്ലെന്ന് സർട്ടിഫിക്കറ്റ് വേണം. അന്താരാഷ്ട്ര യാത്രകളിലെ വിലക്കുകൾ ഇപ്പോഴും തുടരുന്നുമുണ്ട്.

ഇതിനിടെ എങ്ങും പോകാൻ കഴിയാതെ വിഷമിച്ചിരിക്കുന്നവർക്ക് മുന്നിലേക്ക് ഒരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ വിമാനകമ്പനിയായ ക്വാണ്ടാസ്. ' Flights to nowhere ' എന്ന് പേരിട്ടിരിക്കുന്ന യാത്രാപദ്ധതി ഹിറ്റായി മാറിയിരിക്കുകയാണ്. അതായത്, എങ്ങോട്ടെന്നില്ലാതെ മനസിനെ തൃപ്തിപ്പെടുത്താനായി ഒരു വിമാനയാത്ര.

ഏഴ് മണിക്കൂർ നീളുന്ന യാത്രയുടെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ടാണ് വിറ്റുപോകുന്നത്. ഈ മാസം ആദ്യമാണ് കമ്പനി ഈ പാക്കേജ് മുന്നോട്ട് വച്ചത്. അന്ന് 10 മിനിറ്റിനുള്ളിൽ നൂറിലേറെ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ക്വാണ്ടാസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളാണിത്. ഏഴ് മണിക്കൂർ മാത്രമേ ഉള്ളൂ എന്ന് കരുതി ടിക്കറ്റ് വില കുറവാണെന്ന് കരുതരുതേ. 41,000 മുതൽ 2 ലക്ഷം വരെയാണ് ടിക്കറ്റ് നിരക്ക്.

ഒക്ടോബർ 10ന് സിഡ്നിയിൽ നിന്നും പുറപ്പെട്ട് അവിടെ തന്നെ തിരിച്ചെത്തുന്ന സർവീസ് ക്വീൻസ്‌ലാൻഡ്, ഗോൾഡ് കോസ്റ്റ്, ന്യൂ സൗത്ത്‌വെയ്ൽസ്, ഗ്രേറ്റ് ബാരിയർ റീഫ്, സിഡ്നി തുറമുഖം എന്നിവയ്ക്ക് മുകളിലൂടെ താഴ്ന്ന് പറക്കും. ഒപ്പം പ്രത്യേക വിനോദ പരിപാടികൾ ഉണ്ടാകും. യാത്രക്കാർക്ക് പാസ്പോർട്ടോ ക്വാറന്റൈനോ ആവശ്യമില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. ക്വാണ്ടാസ് മാത്രമല്ല, ഇ.വി.എ ( തായ്‌വാൻ), ഓൾ നിപ്പോൺ എയർവേഴ്സ് ( ജപ്പാൻ ), സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ വിമാന കമ്പനികളും സമാന പാക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്.