dhoni-webseries

റാഞ്ചി : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി വെബ് സിരീസ് നിർമ്മാതാവാകുന്നു.ധോണിയുടെ ഉടമസ്ഥതയിലുള്ള ധോണി എന്റർടെയ്ൻമെന്റ്സ് മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ ഗണത്തിലുള്ള വെബ് സിരീസാണ് നിർമ്മിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറായ സാക്ഷി ധോണി പറഞ്ഞു. നവാഗതനായ ഒരു എഴുത്തുകാരന്റെ അപ്രകാശിത രചനയെ അടിസ്ഥാനമാക്കിയാണ് സിരീസ് നിർമ്മിക്കുന്നത്.

ഇത് രണ്ടാം വട്ടമാണ് ധോണി നിർമ്മാതാവിന്റെ കുപ്പായമണിയുന്നത്. കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിലക്ക് കഴിഞ്ഞുള്ള ഐ.പി.എൽ തിരിച്ചുവരവിനെക്കുറിച്ച് ' റോർ ഒഫ് ദ ലയൺ ' എന്ന ഡോക്യുമെന്ററി നിർമ്മിച്ചത് ധോണിയാണ്. കബീർഖാനായിരുന്നു സംവിധാനം.

ഒരു അഘോരിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് വെബ്സിരീസെന്ന് ധോണിയുടെ ഭാര്യയായ സാക്ഷി വെളിപ്പെടുത്തുന്നു.ഹൈടെക് സംവിധാനങ്ങളുടെ സഹായത്തോടെ അഘോരി പൗരാണിക മിത്തുകളെ പൊളിച്ചെഴുതുന്നതാണ് കഥാതന്തു. ഉടൻതന്നെ ചിത്രീകരണം തുടങ്ങുമെന്നും സാക്ഷി അറിയിച്ചു.