ലണ്ടൻ: ബ്രിട്ടനിലെ ലിങ്കൺഷെയർ പാർക്കിലെ അഞ്ച് ആഫ്രിക്കൻ തത്തകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് അധികൃതർ. ആഗസ്റ്റിൽ പാർക്കിലെത്തിയ ഈ വിരുതന്മാർ സന്ദർശകരെ കാണുമ്പോൾ മോശപ്പെട്ട വാക്കുകൾ പറയാനും കമന്റടിക്കാനും തുടങ്ങും. ഒരു തത്ത പറയുമ്പോൾ മറ്റൊരു തത്ത ഇത് കേട്ട് കളിയാക്കി ചിരിക്കും. സന്ദർശകർ പ്രതികരിച്ചാൽ ഇവ ഇതൊരു പ്രോത്സാഹനമായെടുത്ത് കടുപ്പം കൂടിയ വാക്കുകൾ ഉപയോഗിക്കും. ഒടുവിൽ, സഹികെട്ട പാർക്ക് അധികൃതർ ഈ തത്തകളെ സന്ദർശകർക്ക് കാണാനാവാത്ത വിധം മാറ്റി പാർപ്പിച്ചിരിക്കുകയാണ്. എന്നിരുന്നാലും, അധികൃതർ ആശങ്കയിലാണ്.
'അവ നല്ല വാക്കുകൾ പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷെ ഇവ തങ്ങളുടെ ഭാഷാ പ്രയോഗം അവിടെയുള്ള മറ്റു തത്തകളെ കൂടി പഠിപ്പിച്ചാൽ പാർക്കിലുള്ള 250 തത്തകൾ കൂട്ടമായി മോശം വാക്കുകൾ ഉപയോഗിക്കുന്നതിലേക്ക് നയിക്കും. എന്താകുമെന്ന് എനിക്കറിയില്ല. കുട്ടികൾ ഇത്തരം വാക്കുകൾ കേൾക്കാനിടയുള്ള സാഹചര്യത്തിലാണ് ഇവയെ മാറ്റിപാർപ്പിച്ചത്.’-പാർക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് നിക്കോൾസ് പറയുന്നു.