life-mission

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ വിജിലൻസ് കേസെടുത്തു. നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കരാറില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഫ്‌ളാറ്റ് നിര്‍മ്മാണത്തിനുളള കരാര്‍ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു. അടിയന്തരമായി ഹര്‍ജി നാളെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണത്തിനെതിരേ അപ്പീല്‍ പോവാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.