അബുദാബി : ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിലെ തന്റെ മാൻ ഒഫ് ദ മാച്ച് പുരസ്കാരം മരണപ്പെട്ടുപോയ അമ്മയ്ക്ക് സമർപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഫ്ഗാനി സ്പിന്നർ റാഷിദ് ഖാൻ.
ഈ സീസണിലെ ആദ്യ ജയം സൺറൈസേഴ്സിനെ തേടിയെത്തിയതിന് പിന്നിൽ നിർണായകമായത് റാഷിദിന്റെ പ്രകടനമായിരുന്നു. നാലോവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് 163 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ 147/7ൽ ഒതുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. തുടർന്നാണ് മാൻ ഒഫ് ദ മാച്ച് പുരസ്കാരം നേടിയത്.
പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് അത് അമ്മയ്ക്ക് സമർപ്പിക്കുന്നതായി റാഷിദ് അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് റാഷിദിന്റെ അമ്മ മരണപ്പെട്ടത്.തന്റെ ഏറ്റവും വലിയ ആരാധിക അമ്മയായിരുന്നുവെന്ന് റാഷിദ് പറഞ്ഞു. ഐ.പി.എല്ലായിരുന്നുഅമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടൂർണമെന്റ്. ഐ.പി.എല്ലിൽ താൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴൊക്കെ അമ്മ രാത്രി മുഴുവൻ ഫോണിൽ സന്തോഷത്തോടെ സംസാരിച്ചിരുന്നതായും റാഷിദ് ഒാർത്തു. ഒന്നരവർഷം മുമ്പ് റാഷിദിന്റെ പിതാവും മരിച്ചിരുന്നു.
1. 7.2-ാം ഓവറിൽ ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യരെ അബ്ദുൽ സമദിന്റെ കയ്യിലെത്തിച്ചു. നിരുപദ്രവകരം എന്ന് തോന്നിപ്പിച്ച പന്തിൽ ലോഫ്ട് ചെയ്യാൻ ശ്രമിച്ച ശ്രേയസ് നേരെ ഫീൽഡറുടെ കയ്യിലെത്തുകയായിരുന്നു.
പൃഥ്വി ഷായുടെ പുറത്താകലിന് ശേഷം ശിഖർ ധവാനൊപ്പം ഇന്നിംഗ്സ് കരുപ്പിടിപ്പിക്കാൻ ശ്രേയസ് നടത്തിയ ശ്രമങ്ങൾക്കാണ് റാഷിദ് തടയിട്ടത്.
2. 11.3-ാം ഓവറിൽ ശിഖർ ധവാനെ കീപ്പർ ബെയർസ്റ്റോയുടെ കയ്യിലെത്തിച്ചു. സ്റ്റംപിംഗിനും അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഒന്നും അനുവദിച്ചില്ല. റിവ്യൂവിൽ ക്യാച്ചെന്ന് തെളിഞ്ഞു.
34 റൺസുമായി ധവാൻ ഇന്നിംഗ്സിന് നങ്കൂരമിട്ടു തുടങ്ങിയപ്പോഴാണ് റാഷിദ് തിരിച്ചടി നൽകിയത്.
3. 16.4-ാം ഓവറിൽ റാഷിദിന്റെ വേഗത കുറഞ്ഞ പന്തിൽ സ്വീപ്പിന് ശ്രമിച്ച റിഷഭ് പന്ത് ഡീപ് സ്ക്വയർ ലെഗിൽ പ്രിയം ഗാർഗിന്റെ കൈയിൽ വിശ്രമിച്ചു.
ഡൽഹിക്ക് വിജയം നേടാനുള്ള അവസാന പ്രതീക്ഷയായിരുന്നു റിഷഭ്. 27 പന്തുകളിൽ 28 റൺസടിച്ച റിഷഭ് വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ചു തുടങ്ങിയപ്പോഴാണ് റാഷിദ് ചിറകരിഞ്ഞത്.