t-rex

ബംഗളൂരു: അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞുകയറ്റം കണ്ടെത്താൻ ഇന്ത്യൻ സൈന്യത്തിന് ബംഗളൂരുവിലെ സ്റ്റാർട്ട് അപ്പ് കമ്പനി ' ടോൺബോ ഇമേജിംഗ്' അത്യാധുനിക ദീർഘദൂര നിരീക്ഷണ സംവിധാനം വികസിപ്പിച്ച് നൽകി.

ടി-റെക്‌സ് എന്നാണ് പേര്.

ഉറി സർജിക്കൽ സ്ട്രൈക്കിൽ ഇന്ത്യൻ സൈനികരുടെ ഹെൽമെറ്റുകളിൽ ഘടിപ്പിച്ച നൈറ്റ് വിഷൻ ഗോഗിളുകളും ടോൺബോയിൽ നിന്നാണ്.

നേരത്തെ അതിർത്തിയിൽ ചൈനീസ് പട്ടാളക്കാർ നുഴഞ്ഞുകയറുന്നത് പരിശോധിക്കാൻ ഇസ്രയേലിന്റെ സംവിധാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി വന്നതോടെ ടോൺബോ, ഇന്ത്യൻ സേനയ്ക്കായി 'ടി- റെക്സ്' വികസിപ്പിക്കുകയായിരുന്നു.

സേനയുടെ നിരവധി പ്രൊജക്ടുകളിൽ ടോൺബോ ഭാഗമാണ്. കാശ്മീരിലെ നോർത്തേൺ കമാൻഡിനായി 3,000 നൈറ്റ് വിഷൻ ഗോഗിളുകൾ വിതരണം ചെയ്തു. എയർബസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന സി 295 നിരീക്ഷണ വിമാനവുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. കരസേനയുടെ അർജുൻ എം.കെ രണ്ട് യുദ്ധ ടാങ്കറുകളുമായി ബന്ധപ്പെട്ട പ്രൊജക്ടുമുണ്ട്.

 15 മുതൽ 20 കിലോമീറ്റർ വരെ രാവും പകലും അതിർത്തിയിലെ ചലനങ്ങൾ നിരീക്ഷിക്കാം.

 രാത്രി കാഴ്ചയും ജി.പി.എസ് ട്രാക്കറും ഉണ്ട്.

 ഇന്ധന സെല്ലുകൾ ഉപയോഗിച്ചാണ് പ്രവർത്തനം.

 ലഡാക്കിലാണ് ടി - റെക്സ് വിന്യസിക്കുന്നത്.

 18,​000 അടി ഉയരത്തിൽ ഒരെണ്ണം സ്ഥാപിച്ചു .

 ദുർഘട കേന്ദ്രങ്ങളിൽ ആളില്ലാത്ത സ്റ്റേഷനുകൾ സ്ഥാപിക്കാം. നിരീക്ഷണത്തിന് ടി - റെക്സ് മതി

 ടി - റെക്‌സ്

ജുറാസിക് യുഗത്തിൽ ജീവിച്ചിരുന്ന ടിറനോസോറസ് റെക്സ് ( ടി - റെക്സ്)​ എന്ന ദിനോസറിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. വളരെ ദൂരെയുള്ള ഇരകളെ രാത്രിയിലും കാണാനും മണത്ത് അറിയാനും ടി. റെക്സിന് ശേഷിയുണ്ട്.

'ടോൺബോയുടെ നിരീക്ഷണ ഉപകരണങ്ങളുടെ ശ്രേണി സൈന്യത്തിന്റെ ഹൈടെക് ഉപകരണങ്ങളിൽ ഒരു സ്ഥാനം കണ്ടെത്തി. ഉത്പന്നങ്ങളുടെ ഏത് പ്രശ്നവും ഞങ്ങളുടെ ബംഗളൂരു കേന്ദ്രത്തിൽ പരിഹരിക്കാനാകും. ഇവ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്നതാണ് പ്രധാനം'- ''

ടോൺബോ ഇമേജിംഗ് സ്ഥാപകൻ അരവിന്ദ് ലക്ഷ്മികുമാർ.

 അമേരിക്കയിലെ കാർനെഗീ മെലോൺ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടിയയാളാണ് അരവിന്ദ് ലക്ഷ്മികുമാർ.

സ്റ്റാൻഫോർഡ് റിസർച്ചിന്റെ അനുബന്ധ സ്ഥാപനമായ സാർനോഫ് ടെക്‌നോളജീസിന്റെ ഇന്ത്യയിലെ മേധാവിയായി 2004ൽ

മടങ്ങിയത്തി.

2009ൽ സ്ഥാപിച്ച കമ്പനി 2012ൽ ടോൺബോ ഇമേജിംഗ് എന്ന് പേരുമാറ്റി.

 യു.കെ സ്പെഷ്യൽ ഫോഴ്സസ്, ഇസ്രയേൽ സേന, അമേരിക്കൻ പ്രത്യേക സേന , ജോർദ്ദാൻ എന്നിവരുമായി സഹകരണം.