തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗുരുതര സാഹചര്യം. ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3536 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 23 മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 742 ആയി.
ആയിരം കടന്ന് എറണാകുളം
സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇന്ന് കൂടുതല്‍ കേസുകള്‍ എറണാകുളം ജില്ലയിലാണ്. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ആശങ്ക തുടരുകയാണ്. ദിനം പ്രതിയുള്ള കണക്കുകള്‍ ഉയര്‍ന്ന തോതിലാണ്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളും മരണസംഖ്യയും ഉയരുകയാണ്. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു.
തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ആശങ്ക
തിരുവനന്തപുരം മലപ്പുറം ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലാണ്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളാണ് കൂടുതല്‍. തിരുവനന്തപുരം ജില്ലയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും ദിനം പ്രതിയുള്ള കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് തലസ്ഥാനത്ത് കൂടുതല്‍. ഈ സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലടക്കം സുരക്ഷയും നിയന്ത്രണവും ശക്തമാക്കുകയാണ്.
23 മരണം
23 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്ഠേശ്വരം സ്വദേശി നടരാജ സുന്ദരം (91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍ (77), വള്ളക്കടവ് സ്വദേശി അബു താഹിര്‍ (68), പേയാട് സ്വദേശി പദ്മകുമാര്‍ (49), ആലപ്പുഴ മേല്‍പ്പാല്‍ സ്വദേശിനി തങ്കമ്മ വര്‍ഗീസ് (75), മാവേലിക്കര സ്വദേശിനി ശാരി രാജന്‍ (47), ആലപ്പുഴ സ്വദേശിനി പി. ഓമന (63), പത്തനംതിട്ട തിരുവല്ല സ്വദേശി ശശിധരന്‍ (65), കോട്ടയം കണിച്ചുകുളം സ്വദേശിനി അന്നാമ്മ (65), എറണാകുളം പനങ്ങാട് സ്വദേശിനി ലീല (82), പാലക്കാട് സ്വദേശിനി ലക്ഷ്മി (75), മേലാറ്റൂര്‍ സ്വദേശിനി അമ്മിണി (58), ആമയൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (78), നക്ഷത്ര നഗര്‍ സ്വദേശി ബി.സി. കൃഷ്ണദാസ് (55), കുണ്ടളശേരി സ്വദേശി തങ്കപ്പന്‍ (68), കടമ്പഴിപുറം സ്വദേശി റഫീഖ് (35), കൊടുവായൂര്‍ സ്വദേശി രാമന്‍കുട്ടി (80), കടക്കാംകുന്ന് സ്വദേശി മോഹനന്‍ (61), മലപ്പുറം വെട്ടം സ്വദേശിനി പ്രേമ (51), മീനാടത്തൂര്‍ സ്വദേശി സൈനുദ്ദീന്‍ (63), കാസര്‍ഗോഡ് ചിപ്പാര്‍ സ്വദേശി പരമേശ്വര ആചാര്യ (68) എന്നിവരാണ് മരണമടഞ്ഞത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ
123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തിരുവനന്തപുരം 32, കാസര്‍ഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇതോടെ 67,061 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,28,224 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,884 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.