ആദ്യ സീസൺ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ ചാമ്പ്യന്മാരിക്കിയ നായകനാണ് ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷേൻ വാൺ. പിന്നീട് റോയൽസിന്റെ കോച്ചും മെന്ററും ബ്രാൻഡ് അംബാസഡറുമൊക്കെയായി വാൺ ഒപ്പമുണ്ടായിരുന്നു. യു.എ.ഇയിൽ തുടങ്ങിയ 13-ാം സീസണിൽ വാൺ കഴിഞ്ഞ ദിവസമാണ് ടീമിനാെപ്പം ചേർന്നത്. ഐ.പി.എല്ലിലെ റോയൽസിന്റെ സാദ്ധ്യതകളെപ്പറ്റിയും സഞ്ജു സാംസണെപ്പറ്റിയും ഷേൻ വാൺ സംസാരിക്കുന്നു...
ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇത് രാജസ്ഥാൻ റോയൽസിന്റെ വർഷമായിരിക്കും എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. ഇത്തണവണത്തെ ഞങ്ങളുടെ ടീം മികച്ചതാണ്. പരിചയ സമ്പന്നരും കഴിവുള്ള യുവതാരങ്ങളും ടീമിലുണ്ട്. നല്ല സ്പിന്നർമാരും പേസർമാരും ഇടംകയ്യൻമാരും വലംകൈയന്മാരും ഒക്കെ ആവശ്യത്തിനുണ്ട്. അതായത് നല്ല കളിക്കാർ കയ്യിലുണ്ട്. ഇനി വേണ്ടത് അവർ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്. അങ്ങനെയാണെങ്കിൽ ഇത് ഞങ്ങളുടെ വർഷമായി മാറും.
സഞ്ജു സാംസണിന് എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിൽ ഇടം നൽകണമെന്ന് ഞാൻ എത്രയോ നാളായി ഞാൻ പറയുന്നു. അത്രയും നിലവാരമുള്ള കളിക്കാരനാണ് അവൻ. ഇത്തവണ ആദ്യ രണ്ട് മത്സരങ്ങളിൽത്തന്നെ സഞ്ജു തന്റെ മികവ് പ്രകടമാക്കി. ഈള ഫോം തുടർന്നാൽ സഞ്ജുവിനെ ഇനിയും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി നിറുത്താനാകും എന്ന് കരുതുന്നില്ല. ഒരുപാട് നല്ല കളിക്കാരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട്.അവരേക്കാളൊക്കെ മിടുക്കനാണ് സഞ്ജു.
അവസരം ലഭിക്കുന്നതുവരെ തളരാതെ പൊരുതിയാൽ വിജയിക്കുമെന്നതിന്റെ ഉദാഹരണമാണ് രാഹുൽ തെവാതിയ. ക്രിക്കറ്റ് പ്രവചനാതീതമാണ്. എപ്പോൾ വേണമെങ്കിലും ജയവും തോൽവിയും മാറി മറിയാം. തന്റെ സമയം വരുമ്പോൾ മികച്ച കളി കാഴ്ചവയ്ക്കാൻ കഴിയുക എന്നതാണ് പ്രധാനം. അവസരങ്ങൾ നഷ്ടപ്പെടുത്തരുത്.
രാജസ്ഥാൻ റോയൽസുമായി എനിക്കൊരു ആത്മീയ ബന്ധമാണുള്ളത്. 2008ൽ ടീമിനാെപ്പം ചേരുമ്പോൾ അത്ഭുതമാണ് സംഭവിച്ചത്. കിരീടത്തിനൊപ്പം ചില ആജീവനാന്ത സുഹൃത്തുകളെയും ആ സീസൺ തന്നു. റോയൽസിനെ ഞാൻ ഇഷ്ടപ്പെടുന്നു. എന്നും റോയൽസിന്റെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നു.