farm-bill

മുംബയ്: മഹാരാഷ്ട്രയിൽ കർഷക നിയമം നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് ഭീഷണി ഉയർത്തിയതിന് പിന്നാലെയാണിത്.

കേന്ദ്രം പാസാക്കിയ കർഷക ബില്ലുകൾ നടപ്പിലാക്കുന്നതിനെ എതിർത്ത് എൻ.സി.പിയും കോൺഗ്രസും ശക്തമായി രംഗത്തുവന്നിരുന്നു. 'കർഷകർ വിരുദ്ധ നിയമമെന്നാണ് ' ആരോപണം.

കേന്ദ്രസർക്കാരിന്റെ മൂന്ന് ഓർഡിനൻസുകൾ സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ആഗസ്റ്റിൽ മഹാരാഷ്ട്ര വാണിജ്യവകുപ്പ് ഉത്പാദകർക്കും സഹകരണ സംഘങ്ങൾക്കും ഉത്തരവ് നൽകിയിരുന്നു. ബിൽ പാർലമെന്റിൽ പാസാവുന്നതിനും മുമ്പായിരുന്നു ഇത്. കേന്ദ്രകാർഷിക സെക്രട്ടറി സജ്ഞയ് അഗർവാളിന്റെ നിർദ്ദേശപ്രകാരമാണിതെന്നായിരുന്നു വിശദീകരണം. ഈ ഉത്തരവാണ് സർക്കാർ ഇപ്പോൾ പിൻവലിച്ചത്.

സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറും പറഞ്ഞിരുന്നു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ, കർഷക നിയമത്തിനെതിരെ നിയമനിർമ്മാണം നടത്തണമെന്ന് സോണിയാഗാന്ധി നിർദ്ദേശിച്ചിരുന്നു.