ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 12ാം മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാന് 175 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവർ പൂർത്തിയായപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. ഇത് പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ഒമ്പത് ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് നേടി മുന്നേറുകയാണ്. ടോസ് നേടിയ രാജസ്ഥാൻ കൊൽക്കത്തയെ ബാറ്റിംഗിനിറക്കുകയായിരുന്നു.
ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലേറ്റുമുട്ടുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച രാജസ്ഥാനും, ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ മത്സരത്തിലൂടെ വിജയവഴിയിൽ തിരികെയെത്തിയ കൊൽക്കത്തയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശകരമാവുകയാണ്. പോയിന്റ് നിലയിൽ യഥാക്രമം ഒന്നാമതും ഏഴാമതുമാണ് ടീമുകളുടെ സ്ഥാനം.