തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലം സ്ത്രീസുരക്ഷാ മണ്ഡലമാക്കുന്നതിന്റെ ഭാഗമായി കവടിയാർ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള സ്ത്രീ സുരക്ഷാ സംവിധാനമായ റെഡ് ബട്ടൺ നാളെ വൈകിട്ട് 5ന് അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീമൂലം തിരുന്നാൾ രാമവർമ്മ മുഖ്യാതിഥിയാകും. സിറ്റി പൊലീസ് കമ്മിഷണർ, വാർഡ് കൗൺസിലർ, റെഡ് ബട്ടൺ പ്രിതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സ്റ്റാർട്ട് ആപ് സംരഭമായ റെഡ് ബട്ടൺന്റെ സഹായത്തോടെയും അസ്പിൻ വോളിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് ഈ സംവിധാനം ഒരുക്കുന്നത്. പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സംവിധാനത്തിലൂടെ അപകട ഘട്ടത്തിൽ നേരിട്ട് പൊലീസുമായി സംസാരിക്കാൻ കഴിയും. അപകടസമയത്തുള്ള മുഴുവൻ ദൃശ്യവും ശബ്ദവും പൊലീസ് കൺട്രേൾ റൂമിലും പെട്രോളിംഗ് വാഹനത്തിലും അപ്പപ്പോൾ ലഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാമറകളിലെ ദൃശ്യങ്ങൾ സ്റ്റോർ ചെയ്യും. നഗരത്തിൽ സ്ഥാപിക്കുന്ന ആദ്യ റെഡ്ബട്ടണാണ് കവടിയാറിലുള്ളത്.