paris

പാരീസ്: ലെബനന്‍ തുറമുഖത്തെ വന്‍ സ്‌ഫോടനത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പേ പാരീസ് നഗരത്തില്‍ കേട്ട പൊട്ടിത്തെറിയിൽ നടുങ്ങി നഗരവാസികള്‍. നഗരത്തിലും മിക്ക പ്രാന്തപ്രദേശങ്ങളിലും കേട്ട വന്‍ ശബ്ദം പൊട്ടിത്തെറിയുടേതെന്ന സംശയവുമായി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വിശദീകരണവുമായി പോലീസ് രംഗത്തെത്തി. ഒരു യുദ്ധവിമാനം കടന്ന് പോയതാണ് വലിയ പൊട്ടിത്തെറിയ്ക്ക് സമാനമായ ശബ്ദമുണ്ടാക്കിയതെന്നാണ് പൊലീസ് അറിയിച്ചത്.


'പാരീസില്‍ വലിയൊരു ശബ്ദം കേട്ടു. പൊട്ടിത്തെറിയുണ്ടായിട്ടില്ല. ഒരു യുദ്ധവിമാനം മറികടന്നതിന്റെ ശബ്ദമാണത്. എമര്‍ജന്‍സി ലൈനുകളില്‍ തിരക്കുണ്ടാക്കരുത്' പൊലീസ് ട്വീറ്റ് ചെയ്തു. ശബ്ദം നഗരത്തില്‍ എല്ലായിടത്തും കേട്ടതായും കെട്ടിടങ്ങളുടെ ജനാലകള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടുകൾ വന്നു. ചാര്‍ളി ഹെബ്ദോ ഓഫീസിനു സമീപം കഴിഞ്ഞ ദിവസം നടന്ന കത്തി ആക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പായിരുന്നു പൊട്ടിത്തെറിയ്ക്ക് സമാനമായ ശബ്ദം. വന്‍ സ്‌ഫോടനശബ്ദം കേട്ടെങ്കിലും നാശനഷ്ടങ്ങളൊന്നും കാണാതെ വന്നതോടെ സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി.


പാരീസ് നഗരമധ്യത്തില്‍ ചാര്‍ളി ഹെബ്ദോയുടെ ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കഴിഞ്ഞ വെള്ളിയാഴ്ച ഒരാള്‍ നടത്തിയ കത്തി ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചുള്ള ആക്രമണം തീവ്രവാദത്തിന്റെ ഭാഗമാണെന്നായിരുന്നു വിലയിരുത്തല്‍. 2015 ജനുവരിയില്‍ നടന്ന ചാര്‍ളി ഹെബ്ദോ ആക്രമണക്കേസില്‍ വിചാരണ തുടങ്ങി രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.