kolkata-win

ദുബായ് : ആദ്യ രണ്ട് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടിയിരുന്ന രാജസ്ഥാൻ റോയൽസിന് പുതിയ സീസൺ ഐ.പി.എല്ലിലെ ആദ്യ തോൽവി. ഇന്നലെ ദുബായ്‌യിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് 37 റൺ​സിന് രാജസ്ഥാനെ തകർത്തുകളഞ്ഞത്. മലയാളി താരം സഞ്ജു സാംസൺ 8 റൺസിന് പുറത്തായ മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 174/6 എന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയ രാജസ്ഥാൻ 133/9 എന്ന സ്കോറിലൊതുങ്ങുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത ശുഭ്മാൻ ഗിൽ (41), ഇയോൻ മോർഗൻ(34),ആന്ദ്രേ റസൽ (24) എന്നിവരുടെ പൊരുതലിലാണ് 174/6ലെത്തിയത്. രാജസ്ഥാൻ നിരയിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി നേടിയ ടോം കറാനും(54*) 21 റൺസടിച്ച ബട്ട്ലറും മാത്രമാണ് അൽപ്പമെങ്കി​ലും പൊരുതി​യത്. ക്യാപ്ടൻ സ്മി​ത്ത്(3),റോബി​ൻ ഉത്തപ്പ (2), റയാൻ പരാഗ് (2),രാഹുൽ തെവാതിയ (14) എന്നി​വർ നി​രാശപ്പെടുത്തി​.

രണ്ട് വി​ക്കറ്റ് വീതം വീഴ്ത്തി​യ ശി​വം മാവി​,കമലേഷ് നാഗർകോട്ടി​,വരുൺ​ ചക്രവർത്തി​ എന്നി​വരുടെ ബൗളിംഗാണ് കൊൽക്കത്തയ്ക്ക് വി​ജയം നൽകി​യത്. കമ്മി​ൻസും നരെയ്നും കുൽദീപും ഒാരോ വി​ക്കറ്റ് വീഴ്ത്തി​. നാലോവറി​ൽ 20 റൺ​സ് വഴങ്ങി​ സഞ്ജുവിനെയും ബട്ട്ലറെയും പുറത്താക്കിയ ശിവം മാവിയാണ് മാൻ ഒഫ് ദ മാച്ച്. വിജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടി​കയി​ലെ ഏഴാം സ്ഥാനത്തുനി​ന്ന് രണ്ടാമതേക്ക് ഉയർന്നപ്പോൾ രാജസ്ഥാൻ ഒന്നാം സ്ഥാനത്തുനി​ന്ന് മൂന്നാമതായി​.

ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണറായി ഇറങ്ങിയ സുനിൽ നരെയ്ന് വലിയ ഷോട്ടുകൾ പായിക്കാൻ ഇത്തവണയും കഴിഞ്ഞില്ല. 14 പന്തുകളിൽ രണ്ടുഫോറും ഒരു സിക്സുമടക്കം 15 റൺസ് നേടിയ നരെയ്ൻ ഉനദ്കദ് എറിഞ്ഞ അഞ്ചാം ഒാവറിലെ അഞ്ചാം പന്തിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു. തുടർന്ന് നിതീഷ് റാണയും ശുഭ്മാൻ ഗില്ലും ചേർന്ന് ടീമിനെ മുന്നോട്ടു നയിച്ചു. പത്തോവർ പൂർത്തിയായപ്പോൾ റാണയും കൂടാരം കയറി. 17 പന്തുകളിൽ രണ്ടു ഫോറും ഒരു സിക്സുമടക്കം 22 റൺസടിച്ച റാണയെ തെവാതിയയുടെ പന്തിൽ പരാഗാണ് പടികൂടിയത്. 82/2 എന്ന നിലയിലായിരുന്നു കൊൽക്കത്ത അപ്പോൾ.

തുടർന്ന് ഗിൽ ,ദിനേഷ് കാർത്തിക് (1), ആന്ദ്രേ റസൽ (24) എന്നിവർ പെട്ടെന്ന് പുറത്തായത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. ടീം സ്കോർ 89ൽ വച്ച് ഗില്ലിനെ ആർച്ചർ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. 34 പന്തുകൾ നേരിട്ട ഗിൽ അഞ്ചുഫോറും ഒരു സിക്സുമടക്കമാണ് 47 റൺസെടുത്തത്. 106ലെത്തിയപ്പോൾ നായകൻ കാർത്തികിനെ ആർച്ചർ കീപ്പറുടെ കയ്യിലെത്തിച്ചു. 15-ാം ഓാവറിൽ റസൽ രാജ്പുത്തിനെ ഉയർത്തിയടിച്ച് ഉനദ്കദിന് ക്യാച്ച് നൽകി മടങ്ങി. അതോടെ കൊൽക്കത്ത 115/5 എന്ന നിലയിലായി.തുടർന്ന് മോർഗൻ ആഞ്ഞടിച്ച് 174ലെത്തിച്ചു.

18-ാം ഒാവറിൽ പാറ്റ് കമ്മിൻസിനെ പുറത്താക്കാൻ ബൗണ്ടറി ലൈനിനരികിൽ തകർപ്പൻ ഡൈവിംഗ് ക്യാച്ചാണ് സഞ്ജു എടുത്തത്. പിന്നോട്ടോടിയ ശേഷം പിന്നോട്ടുതന്നെ ചാടി പന്ത് കൈയിലൊതുക്കിയ സഞ്ജു വീണപ്പോൾ തല ഗ്രൗണ്ടിൽ തട്ടിയെങ്കിലും കാര്യമായ പരിക്കുണ്ടായിരുന്നില്ല.

മറുപടിക്കിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ തിരിച്ചടിയേറ്റു.നായകൻ സ്റ്റീവൻ സ്മിത്തിനെ (3)രണ്ടാം ഒാവറിൽ കമ്മിൻസ് ദിനേഷ് കാർത്തികിന്റെ കയ്യിലെത്തിച്ചു. തുടർന്നിറങ്ങിയ സഞ്ജു സാംസൺ നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി പറത്തിയെങ്കിലും അധികദൂരം മുന്നോട്ടുപോകാനായില്ല.ഒൻപത് പന്തുകൾ നേരിട്ട സഞ്ജി ശിവം മാവിയുടെ പന്തിൽ നരെയ്ന് ക്യാച്ച് നൽകുകയായിരുന്നു സഞ്ജു.പിന്നാലെ ബട്ട്‌ലറെയും (21) ശിവം മാവി കൂടാരം കയറ്റി. അടുത്തത് നാഗർകോട്ടിയുടെ ഉൗഴമായിരുന്നു. റോബിൻ ഉത്തപ്പയെയും (2),റിയാൻ പരാഗിനെയും(1) ഒരേ ഒാവറിൽ നാഗർകോട്ടി മടക്കി അയച്ചതോടെ രാജസ്ഥാൻ 42/5 എന്ന നിലയിലായി.

പഞ്ചാബിനെതിരായ മത്സരത്തിൽ ഒരോവറിൽ അഞ്ചു സിക്സടിച്ച് ജയിപ്പിച്ച രാഹുൽ തെവാതിയയുടെ മേലായി പിന്നെയുള്ള പ്രതീക്ഷകളെല്ലാം. എന്നാൽ ടീം സ്കോർ 66ൽ നിൽക്കേ തെവാതിയയെ വരുൺ ചക്രവർത്തി ക്ളീൻ ബൗൾഡാക്കി. ശ്രേയസ് ഗോപാലിനെ (5) നരെയ്നും ആർച്ചറെ (6) വരുണും പുറത്താക്കിയതോടെ 88/8 എന്ന സ്കോറിലെത്തി. 18-ാം ഒാവറിൽ ഉനദ്കദ് (9) കുൽദീപിനിരയായി.

​പോ​യി​ന്റ് ​നില (​ ​ടീം​ ,​ക​ളി​ ,​ജ​യം,​തോ​ൽ​വി,​പോ​യി​ന്റ് ​ക്ര​മ​ത്തി​ൽ​ )

ഡ​ൽ​ഹി​ ​ 3​-2​-0​-​ 4

കൊ​ൽ​ക്ക​ത്ത 3​-2​-1​-4
രാ​ജ​സ്ഥാ​ൻ​ ​ 3​-2​-1​-​ 4

ബാം​ഗ്ളൂ​ർ 3​-2​-1​-4
​പ​ഞ്ചാ​ബ് 3​-1​-2​-2
മും​ബ​യ് ​ 3​-1​-2​-2
ഹൈ​ദ​രാ​ബാ​ദ് ​ 3​-1​-2​-1
ചെ​ന്നൈ​ ​ 3​-1​-2​-2

ഇ​ന്ന​ത്തെ​ ​മ​ത്സ​രം
പഞ്ചാബ് ​V​s​ ​ മുംബയ്