ഭോപ്പാൽ: ഭോപ്പാലിലെ അയോദ്ധ്യ നഗറിലെ ക്ഷേത്രത്തിന് സമീപം തുണിയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. മരിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം വിശദമായി പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് രണ്ട് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവുകളുണ്ടായിരുന്നെങ്കിലും കുത്തി പരിക്കേൽപ്പിച്ചതാണെന്ന് ആദ്യഘട്ടത്തിൽ മനസിലായിരുന്നില്ല. കുഞ്ഞിനെ രാത്രിയിൽ ഉപേക്ഷിച്ചതിന് ശേഷം മൃഗങ്ങൾ ആക്രമിച്ചതാകുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ ഫൊറൻസിക് സർജൻ വിശദമായ മൃതദേഹപരിശോധന നടത്തിയതോടെയാണ് ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ചതാണെന്ന് കണ്ടെത്തിയത്.
സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ശരീരത്തിൽ നൂറോളം തവണ കുത്തിയതിന്റെ പാടുകളുണ്ടെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ഇതോടെ കൊലപാതകക്കുറ്റമടക്കം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ക്ഷേത്രപരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.