gandhi

ഗാന്ധിന​ഗർ: കൊവിഡ് മഹാമാരിയെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്താൻ പല മാർഗങ്ങളും സർക്കാർ സ്വീകരിക്കാറുണ്ട്. ആരോ​ഗ്യപ്രവർത്തകരും പൊലീസും ഉൾപ്പടെ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഇപ്പോഴും അവ പാലിക്കാത്ത നിരവധി പേരുടെ വാർത്തകൾ ദിവസവും പ്രത്യക്ഷപ്പെടുന്നു. ബോധവത്കരണവുമായി ഗുജറാത്തിലെ ഒരു കൊവിഡ് കെയർ സെന്ററിലെത്തിയ കുഞ്ഞ് മഹാത്മ ഗാന്ധിയാണ് ഇപ്പോൾ താരം. കൊവിഡ് പരിശോധന നടത്താനാണ് ഈ പത്തുവയസുകാരൻ ഗാന്ധിയുടെ വേഷത്തിലെത്തിയത്. കൊവിഡ് ടെസ്റ്റിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും പേടിക്കാനായി ഒന്നുമില്ലെന്നും കുട്ടി പറയുന്നു.

"കൊവിഡ് പരിശോധനയ്ക്കായി എന്റെ സാമ്പിളുകൾ എടുത്തിട്ടുണ്ട്. പരിശോധനയെക്കുറിച്ചോർത്ത് ആളുകൾ ഭയപ്പെടരുത്. ജനങ്ങൾ സഹകരിച്ചാൽ മാത്രമേ നമ്മുടെ രാജ്യം ആരോഗ്യമുള്ളതാകൂ."- കുഞ്ഞുമുഖത്ത് ആവശ്യത്തിലധികം ഗൗരവം വരുത്തി ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കുന്ന ഈ മിടുക്കന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.