ഭോപ്പാൽ : നവജാത ശിശുവിനെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഭോപ്പാലിലാണ് സംഭവം. അയോദ്ധ്യാ നഗറിലെ ഒരു ക്ഷേത്രത്തിന് സമീപം തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ നടന്ന വിശദമായ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പൊലീസ് കണ്ടെത്തിയത്. കൊലപാതകിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
രണ്ട് ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നെങ്കിലും കുത്തി പരിക്കേൽപ്പിച്ചതാണിതെന്ന് ആദ്യം മനസിലായില്ല. കുഞ്ഞിന് രാത്രി ഉപേക്ഷിച്ചപ്പോൾ നായയോ മറ്റ് മൃഗങ്ങളോ ആക്രമിച്ചതാകാമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഫോറൻസിക് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കുഞ്ഞിനെ ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
നൂറോളം തവണ കുഞ്ഞിന്റെ ശരീരത്തിൽ കുത്തിയതിന്റെ പാടുകളുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. സംഭവത്തിൽ കൊലപാതകക്കുറ്റമടക്കം ചുമത്തി പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ഉൾപ്പെടെ പരിശോധിക്കുന്നതായും കുറ്റവാളി ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ പെൺകുഞ്ഞാണിത്.