മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിലെത്തിയതോടെ കൊവിഡ് പ്രതിസന്ധിക്കിടയിലും പദ്ധതി നിർവഹണത്തിൽ കൂടുതൽ മുന്നേറി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഇന്നലെ വരെ 31.96 ശതമാനം പദ്ധതി പ്രവൃത്തികളാണ് ജില്ലയിൽ പൂർത്തിയാക്കിയത്. സംസ്ഥാനത്ത് ആകെ 29.54 ശതമാനം പ്രവൃത്തികളും പൂർത്തിയായി. കഴിഞ്ഞ വർഷം ഇതേസമയം 18.73 ശതമാനമായിരുന്നു. സാധാരണഗതിയിൽ ഒക്ടോബറിലെ വളർച്ചാ നിരക്കാണിത്. വികസന പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുന്നതിന് തടയിടാനാണ് തദ്ദേശ ഭരണകൂടങ്ങളുടെ ഈ പതിവില്ലാത്ത ഓട്ടം.
നടപ്പു സാമ്പത്തിക വർഷം 657.7 കോടിയുടെ പ്രവൃത്തിയാണ് മലപ്പുറത്ത് പൂർത്തിയാക്കേണ്ടത്. ഇതിൽ 210.18 കോടിയുടെ പദ്ധതികൾ ഇതുവരെ പൂർത്തീകരിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനത്ത് മൂന്നാംസ്ഥാനത്താണ് ജില്ല. ഒന്നാംസ്ഥാനത്തുള്ള പാലക്കാട് 33.58 ശതമാനം പദ്ധതികൾ പൂർത്തീകരിച്ചു. വയനാടാണ് രണ്ടാംസ്ഥാനത്ത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ളത് മലപ്പുറത്താണ്. പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് മുന്നിലുള്ള 10 നഗരസഭകളിൽ മൂന്നെണ്ണവും ജില്ലയിലാണ്. തിരൂരങ്ങാടി, കൊണ്ടോട്ടി, വളാഞ്ചേരി എന്നിവയാണിത്. 40.77 ശതമാനമാണ് തിരൂരങ്ങാടിയുടേത്. 4.28 കോടിയിൽ 1.75 കോടിയും ചെലവഴിച്ചു. കൊണ്ടോട്ടി- 39.54, വളാഞ്ചേരി - 37.72 ശതമാനം എന്നിങ്ങനെയും.
ജില്ലാ പഞ്ചായത്തിന് 89.04 കോടിയുടെ പദ്ധതി പ്രവൃത്തികളാണ് പൂർത്തീകരിക്കേണ്ടത്. ഇതിൽ 32.31 കോടിയുടെ പ്രവൃത്തികൾ പൂർത്തിയായി. 36.28 ശതമാനം. സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനത്താണ്. ഒന്നാംസ്ഥാനത്തുള്ള കണ്ണൂർ 47.54 ശതമാനം തുക ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ ആദ്യ പത്ത് ബ്ലോക്കുകളിലും മൂന്നെണ്ണം മലപ്പുറത്താണ്. വണ്ടൂർ, കാളികാവ്, മലപ്പുറം എന്നീ ബ്ലോക്കുകളാണ് പദ്ധതി തുക ചെലവഴിച്ച് മുൻനിരയിലുള്ളത്. 55.71 ശതമാനം തുകയും ചെലവഴിച്ച വണ്ടൂരാണ് സംസ്ഥാനത്ത് രണ്ടാംസ്ഥാനത്ത്. 7.26 കോടിയിൽ 4.04 കോടിയും ചെലവഴിച്ചു. ആദ്യസ്ഥാനത്തുള്ള മുക്കത്തല ബ്ലോക്ക് 55.92 ശതമാനം തുക ചെലവഴിച്ചു. ഗ്രാമപഞ്ചായത്തുകളിൽ വേങ്ങര, മേലാറ്റൂർ, താഴേക്കോട്, പുലാമന്തോൾ, ഇരിമ്പിളിയം, അങ്ങാടിപ്പുറം, കാവന്നൂർ, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുകൾ പദ്ധതി മുന്നേറ്റം നടത്തിയ 50 ഗ്രാമപഞ്ചായത്തുകളുടെ നിരയിലെത്തി. കൊവിഡ് പ്രതിസന്ധി തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ കൂടി ദൂരീകരിക്കുന്നതാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനങ്ങൾ.