jjjjj
.

പൊന്നാനി: കൊവിഡിനെത്തുടർന്ന് മലയാളിയുടെ ഭക്ഷണശീലത്തിൽ വന്ന മാറ്റത്തിൽ പട്ടിണിയിലായ തെരുവുനായ്ക്കൾ അക്രമകാരികളായി മാറുന്നു. നേരത്തെ ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും യഥേഷ്ടം പുറം തള്ളിയിരുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ലഭിക്കാതായതോടെ തെരുവുനായ്ക്കൾ പട്ടിണിയിലാണ്. പകൽസമയങ്ങളിലുൾപ്പെടെ നഗരങ്ങളിലെ പ്രധാന റോഡുകളിൽ പോലും തെരുവുനായ്ക്കൾ കൂട്ടമായെത്തുന്നത് ഭീഷണിയാവുകയാണ്. പൊന്നാനി ശ്വാന സൗഹൃദ നഗരസഭയാക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി. ജില്ലാ പഞ്ചായത്തിനു കീഴിൽ പൊന്നാനി നഗരസഭയിലാണ് തെരുവുനായ്ക്കളെ അതിന്റെ ആവാസവ്യവസ്ഥയിൽ ചെന്ന് നേരിട്ട് പിടികൂടി വന്ധ്യംകരിക്കാനും വാക്സിനേഷൻ നൽകാനും പദ്ധതിയിട്ടത്. മൂന്നുമാസം പ്രവർത്തനങ്ങൾ നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ടു മാസമായപ്പോഴേക്കും തെരുവുനായ്ക്കളെ കിട്ടുന്നില്ലെന്ന വാദമുന്നയിച്ച് സംഘം മഞ്ചേരിയിലേക്ക് പോയി. തെരുവുനായ്ക്കൾ തെരുവിലിറങ്ങി നാട്ടുകാരെ കടിച്ച് പരിക്കേൽപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. നഗരസഭയിലെ പൊന്നാനി ​ പള്ളപ്രം ദേശീയ പാത , ചന്തപ്പടി, നായരങ്ങാടി, ആനപ്പടി, തൃക്കാവ്, എം.എൽ.എ റോഡ്, പുഴമ്പ്രം, ബിയ്യം, കടവനാട് മേഖലകളിലെല്ലാം തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. പല തവണ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. 30 വർഷം മുമ്പ് നഗരസഭയും ജേസീസും ചേർന്ന് പൊന്നാനിയെ പേ വിമുക്ത നഗരമാക്കി പ്രഖ്യാപിച്ചിരുന്നെങ്കിലും തെരുവുനായ്ക്കൾ വിലസുകയാണ്.