പൊന്നാനി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അണിയറയിൽ സജീവം. പൊന്നാനി നഗരസഭയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്കിടയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആലോചനകൾ മുറുകുകയാണ്. പകുതിയിലേറെ വാർഡുകളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്. പല വാർഡുകളിലും അനൗദ്യോഗികമായി പ്രചാരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു.
പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി ബിയ്യം വാർഡിൽ നിന്ന് ജനവിധി തേടിയേക്കും. ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന് മുഹമ്മദ് കുഞ്ഞി സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും പാർട്ടി ഇതംഗീകരിക്കാൻ ഇടയില്ല. ബിയ്യം, പുഴമ്പ്രം മേഖലയിൽ നേട്ടമുണ്ടാക്കണമെങ്കിൽ മുഹമ്മദ് കുഞ്ഞി മത്സരരംഗത്തുണ്ടാകണമെന്നാണ് പാർട്ടി കരുതുന്നത്.
പ്രതിപക്ഷ നേതാവ് എം.പി നിസാർ തെക്കേപ്പുറം വാർഡിൽ നിന്നായിരിക്കും ജനവിധി തേടുക. ചാണ വാർഡിൽ നിന്ന് മത്സരിക്കാനായിരുന്നു നേരത്തെ ആലോചന. കൂടുതൽ സുരക്ഷിതമായ വാർഡെന്ന നിലയിലാണ് മാറ്റം.
കെ പി സി സി അംഗം കെ. ശിവരാമൻ മത്സരരംഗത്തുണ്ടാകുമെന്ന സൂചനകളുണ്ട്. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഒ. ഷംസു, സി.പി.ഐ നഗരസഭ കക്ഷി നേതാവ് എ.കെ ജബ്ബാർ എന്നിവർ ഇത്തവണയും ജനവിധി തേടിയേക്കും. മുൻ ചെയർപേഴ്സൺ പി ബീവി, മുൻ വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ പൊന്നാനി എന്നിവരും പാനലിലുണ്ടാകും. നിലവിൽ നഗരസഭ കൗൺസിലിലുള്ള പകുതിയിലേറെ പേർ ഇത്തവണയും മത്സര രംഗത്തുണ്ടാകും.
ഡി.സി.സി സെക്രട്ടറി ടി.കെ. അഷറഫ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം രജീഷ് ഊപ്പാല, മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി യു. മുനീബ്, ബി.ജെ.പി ജില്ല സെക്രട്ടറി ചക്കൂത്ത് രവീന്ദ്രൻ, വ്യാപാരി നേതാവ് കെ.പി. അബ്ദുൾ ജബ്ബാർ എന്നിവരും മത്സരരംഗത്തുണ്ടായേക്കും. എം.എസ്.എഫ് ജില്ല ഭാരവാഹി ഫർഹാൻ ബിയ്യത്തെ മുസ്ലിംലീഗ് പട്ടികയിൽ പരിഗണിക്കുന്നുണ്ട്. സി.പി.ഐ വിട്ട് സി.പി.എമ്മിലേക്കെത്തിയവരിൽ എം.എ. ഹമീദ് മത്സര രംഗത്തുണ്ടായേക്കും.