ചങ്ങരംകുളം : പ്രതിസന്ധികളെ തരണം ചെയ്ത് കർഷകർ വയലിലേക്ക് ഇറങ്ങുന്നു. കൊവിഡ് മഹാമാരിയിലെ പ്രതിസന്ധികളെയും നിയന്ത്രണങ്ങളെയും മറികടന്നാണ് മേഖലയിലെ നെൽകർഷകർ നൂറുകണക്കിന് ഏക്കർ പാടത്ത് കൃഷിയിറക്കാനൊരുങ്ങുന്നത് . തുടർച്ചയായുണ്ടായ പ്രളയവും സാമ്പത്തിക പ്രതിസന്ധിയും കഴിഞ്ഞ വർഷങ്ങളിൽ കർഷകരെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇത്തവണ പ്രതിസന്ധികളെ മറികടക്കാൻ അതിജീവനത്തിന്റെ മാർഗ്ഗം തേടി പലരും പുതുതായി കൃഷിയിലേക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ട്.തരിശുഭൂമിയിൽ പലരും കപ്പ , കൂർഖ , വാഴ തുടങ്ങിയ കൃഷി രീതികളിലേക്ക് വ്യാപകമായി മാറിയിട്ടുണ്ട് . ജോലി നഷ്ടപ്പെട്ട പ്രവാസികളും ഉദ്യോഗാർത്ഥികളും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് നഷ്ടം വന്ന് വിറ്റൊഴിഞ്ഞവരും പുതിയ കാർഷിക പരീക്ഷണങ്ങളുമായി വിവിധയിടങ്ങളിൽ പ്രതീക്ഷയുടെ വിത്തുകൾ പാകുകയാണ് .