sleeper-coach
കരിപ്പൂർ വിമാനത്താവളത്തിലേക്കായി സജ്ജീകരിച്ച സ്ലീപ്പർ കോച്ച്

പരപ്പനങ്ങാടി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നെത്തുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി സർക്കാർ ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസുകളിലെ ജീവനക്കാർക്ക് ഇനി വിമാനത്താവളത്തിൽ വിശ്രമിക്കാം. ഇതിനായി കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ സ്ലീപ്പർ കോച്ച് വിമാനത്താവളത്തിലെത്തി. കരിപ്പൂരിൽ നിന്ന് പ്രവാസികളുമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് പോയി തിരിച്ചുവന്നാൽ വിശ്രമിക്കാൻ ഇടമില്ലാതെ ജീവനക്കാർ ഏറെ ദുരിതത്തിലായിരുന്നു. ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ സ്ലീപ്പർ കോച്ച് സജ്ജീകരിക്കുകയായിരുന്നു. 16 കിടക്കകളുള്ള ശീതീകരിച്ച കോച്ചാണ് ഈ സ്ലീപ്പർ ബസിൽ സജ്ജീകരിച്ചിട്ടുള്ളത്. ഭക്ഷണം കഴിക്കാനും കൈ കഴുകുവാനുമുള്ള സൗകര്യവും ഇതിനകത്തുണ്ട്. സംസ്ഥാനത്തു ആദ്യത്തെ സംരംഭമാണ് കരിപ്പൂർ വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത് .

വിമാനമിറങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് യാത്രക്കാർ കസ്റ്റംസ്, എമിഗ്രേഷൻ, ബാഗേജ് നടപടികൾ പൂർത്തിയാക്കി പുറത്തേക്ക് എത്തുന്നത്. കൂടുതൽ വിമാനങ്ങളും ഇറങ്ങുന്നത് രാത്രിയിലും പുലർച്ചെയുമാണ്. ഈ സമയമത്രയും ജീവനക്കാർക്ക് വിശ്രമിക്കാൻ സൗകര്യമില്ലായിരുന്നു. ഇതര ജില്ലകളിലുള്ള പ്രവാസികളെ നാട്ടിലെത്തിച്ചു തിരികെ വിമാനത്താവളത്തിൽ എത്തുന്ന ജീവനക്കാർക്കും ഈ സൗകര്യം ഏറെ പ്രയോജനകരമാവും .