മഞ്ചേരി: ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മഞ്ചേരി നഗരസഭയുടെ അറവുശാലയിൽ മാനദണ്ഡങ്ങൾ പാലിച്ചുളള കശാപ്പിന് നടപടി നീളുന്നു. വേട്ടേക്കോട് സ്ഥിതി ചെയ്യുന്ന അറവുശാലയിൽ ശാസ്ത്രീയമായ സംവിധാനങ്ങളൊരുക്കിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ആധുനിക അറവുശാല പേരിൽ മാത്രമാണ് നിലനിൽക്കുന്നത്. അറവിലെ അശാസ്ത്രിയത കാരണം മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസ് പലവട്ടം ലഭിച്ചിട്ടും അറവ്ശാല പൂർണ്ണമായി ശാസ്ത്രീയമായിട്ടില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഉപകരണങ്ങളിൽ ചിലത് തുരുമ്പെടുത്ത് നശിച്ചു. മറ്റ്പലതും കാണാതെയുമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും മാംസം കൊണ്ടുപോവുന്നുണ്ട്. ഇതിന്റെ ഗുണനിലവാരം ഉറപ്പാക്കാനും നിലവിൽ സംവിധാനങ്ങളില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അറവായതിനാൽ പരിസരവാസികളാണ് പലപ്പോഴും ദുരിതം ഏറ്റുവാങ്ങേണ്ടി വരുന്നത്. കശാപ്പിന് മുമ്പ് മൃഗഡോക്ടർ പരിശോധിച്ച് സീൽ ചെയ്യണമെന്നാണ് ചട്ടം. ഈ സംവിധാനവും ഇതുവരെ ഇവിടെ ഉണ്ടായിരുന്നില്ല.എന്നാൽ ഡോക്ടറെ നിയമിക്കാനുള്ള അഭിമുഖം പൂർത്തിയായതായും സീൽ ചെയ്യാനുള്ള ഉപകരണമെത്തിയാൽ ഡോക്ടറുടെ സേവനം ലഭ്യമാകുമെന്നും നഗരസഭാധ്യക്ഷ വിഎം സുബൈദ പറഞ്ഞു.
വിമർശനമേറ്റ അറവുശാല
ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ച് അറവുശാല നവീകരിക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. പണം പാഴാക്കി കളഞ്ഞതിനെ സംബന്ധിച്ച് 2017ൽ ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം നേരിട്ടിരുന്നു. അറവുമാലിന്യങ്ങൾ ശാസ്ത്രിയമായി സംസ്കരിക്കാത്തതിനാൽ നായകളും കാക്കകളും കൊത്തിവലിക്കുന്ന സ്ഥിതിയും നിലവിലുണ്ട്. മൃഗങ്ങളുടെ രക്തം കെട്ടികിടക്കുകയും മഴപെയ്യുമ്പോൾ ഒലിച്ച് താഴെയുളള വീടുകളിലേക്ക് എത്തി രൂക്ഷമായ ദുർഗന്ധം വമിക്കുന്ന അവസ്ഥയും പല സമയങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇവിടെ ശാസ്ത്രീയമായ അറവിനും മാലിന്യ സംസ്‌കരണത്തിനും സംവിധാനമൊരുക്കണമെന്നാണ് കാലങ്ങളായുള്ള ആവശ്യം.