പൊന്നാനി: പ്രാർത്ഥനയോടെ ഉള്ളുരികി നിന്ന പൊന്നാനി തീരത്തേക്ക് വൈകിട്ട് മൂന്നര മണിയോടെ ആ ആശ്വാസ വാർത്തയെത്തി. കടലിൽ ബോട്ട് തകർന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളികളേയും രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരിക്കുന്നു. നാട്ടിക തീരത്ത് നിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെവെച്ച് തകർന്ന ബോട്ടിലെ തൊഴിലാളികളെ ചാവക്കാട് തീരത്തോട് ചേർന്ന കടലിൽ നിന്നാണ് കണ്ടെത്തിയത്. പൊന്നാനിയിൽ നിന്ന് ആറ് ബോട്ടുകളിലായി രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തി തീരത്തെത്തിയത്.
പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മഹാലക്ഷ്മി എന്ന ബോട്ടാണ് തിങ്കളാഴ്ച്ച പുലർച്ചെ നാല് മണിയോടെ കടലിൽ തകർന്നത്. മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ എഞ്ചിൻ തകരാറിലാവുകയായിരുന്നു. നാട്ടിക, എടമുട്ടം ഭാഗത്തുവെച്ചാണ് യന്ത്രത്തകരാറ് അനുഭവപ്പെട്ടത്. ബോട്ടിന്റെ സഞ്ചാരം മെല്ലെയായി. ഈ സമയത്ത് ബോട്ടിന്റെ അടിപ്പലക തകർന്ന് വെള്ളം അകത്ത് കയറാൻ തുടങ്ങി. എഞ്ചിനിൽ വെള്ളം കയറിയതോടെ ബോട്ട് നിശ്ചലമായി. പലക അടർന്നതോടെ ബോട്ട് മുങ്ങാൻ തുടങ്ങി. ബോട്ടിന്റെ സഞ്ചാരം മെല്ലെയായ സമയത്ത് മറ്റു ബോട്ടുകൾ അവരെ മറികടന്ന് പോയിരുന്നെങ്കിലും അവർ അപകടത്തിൽപെടുകയാണെന്ന് അറിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച്ച പുലർച്ചെ നാല് മണി വരെ ബോട്ടിലുണ്ടായിരുന്നവർ പൊന്നാനി തീരവുമായി ബന്ധപ്പെട്ടിരുന്നു. 'ബോട്ട് മുങ്ങുകയാണ്, ഞങ്ങൾ ലൈഫ് ജാക്കറ്റ് ധരിച്ച് കടലിൽ ചാടുകയാണ് ' എന്നാണ് അവസാനം ലഭിച്ച സന്ദേശം. ഇതിനു ശേഷം ബോട്ടുമായുള്ള ആശയ വിനിമയം പൂർണ്ണമായും നഷ്ടപ്പെട്ടു. നാട്ടിക ഭാഗത്താണ് കുടുങ്ങിയിരിക്കുന്നതെന്നായിരുന്നു ഒടുവിൽ നൽകിയ സൂചന. പതിനൊന്ന് മണിക്കൂറോളം തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നത് പൊന്നാനി തീരത്ത് ആശങ്ക പടർത്തി.
മത്സ്യത്തൊഴിലാളികൾക്കായി രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലും ഒരു എയർക്രാഫ്‌റ്റും തിരച്ചിലിന് നേതൃത്വം നൽകി. നേവിയുടെ ഹെലികോപ്റ്റർ തിരച്ചിലിനിറങ്ങാൻ സജ്ജമായിരുന്നു. ഉച്ചയായിട്ടും യാതൊരു വിവരവും ലഭിക്കാതിരുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രക്ഷാ പ്രവർത്തനത്തിനിറങ്ങാൻ സന്നദ്ധത അറിയിച്ചു. പ്രതികൂല കാലാവസ്ഥയായതിനാൽ ആദ് ഘട്ടത്തിൽ അനുമതി ലഭിച്ചില്ല. തുടർന്ന് മൂന്ന് മണിയോടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികൾ നാട്ടിക ഭാഗത്തേക്കുള്ള യാത്രക്കിടയിലാണ് ചാവക്കാട് ഭാഗത്തുവെച്ച് കടലിൽ ഒഴുകി വരികയായിരുന്ന മത്സ്യത്തൊഴിലാളികളെ കണ്ടത്. തകർന്ന ബോട്ടിന്റെ മരപ്പലകകളിലും മറ്റും പിടിച്ച് ഒഴുക്കിനൊത്ത് തീരമണയാൻ ശ്രമിക്കുകയായിരുന്നു അവർ.
പൊന്നാനി അഴീക്കൽ സ്വദേശികളായ പൗറാക്കാനകത്ത് കുഞ്ഞൻ ബാവ, ചൊക്കിന്റകത്ത് സുബൈർ, ബോട്ടിന്റെ സ്രാങ്ക് കാദർകുട്ടി ഹാജിയാരകത്ത് നാസർ, കുഞ്ഞിരായിൻ കുട്ടിക്കാനകത്ത് മുനവ്വിർ, ഷെഫീർ, ഒരു അന്യസംസ്ഥാന തൊഴിലാളി എന്നിവരാണ് രക്ഷപ്പെട്ട് തീരത്തെത്തിയത്. ആറ് മണിയോടെ പൊന്നാനി ഫിഷിംഗ് ഹാർബറിലെത്തിച്ച ഇവരെ താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.