കരിപ്പൂർ: കരിപ്പൂരിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സ്വർണ്ണക്കടത്ത് കേസിൽ, സ്വർണം വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് എത്തിച്ചു നൽകിയ നാല് ശുചീകരണ സൂപ്പർവൈസർമാർ പിടിയിലായി. ഇവർക്ക് വിമാനത്താവളത്തിലെ മറ്റു ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച പുലർച്ചെ അഞ്ചിന് ദോഹയിൽ നിന്നെത്തിയ യാത്രക്കാരനാണ് സ്വർണം കൊണ്ടുവന്നത്. നാല് കിലോയോളമുളള സ്വർണ മിശ്രിതം വിമാനമിറങ്ങി കാത്തിരിപ്പ് മുറിയിലെ വേസ്റ്റ്‌ബോക്സിൽ ഒളിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവള ശുചീകരണ സൂപ്രവൈസർമാർ സ്വർണം പുറത്തെത്തിച്ച് കളളക്കടത്ത് സംഘത്തിന് കൈമാറിയത്. കരിപ്പൂർ വിമാനത്താവള ശുചീകരണ തൊളിലാളികളെ ഇടനിലക്കാരാക്കി സ്വർണം കടത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ഡി.ആർ.ഐക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. കോഴിക്കോട്ടും കൊച്ചിയിൽ നിന്നുമായി ഉദ്യോഗസ്ഥർ വിമാനത്താവളത്തിലത്തി നിരീക്ഷണം നടത്തുന്നതിനിടയിലാണ് സ്വർണവുമായി ഇവർ കടന്നുകളഞ്ഞത്. പിന്നീട് വിമാനത്താവള റോഡിൽവച്ച് പിടികൂടുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് ഡി.ആർ.ഐ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കളളക്കടത്ത് സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. ഡി.ആർ.ഐ ഇൻസ്‌പെക്ടർ ആൽബർട്ട് ജോർജ്ജ്, ഡ്രൈവർ നജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മുക്കം പഴനിങ്ങൽ വീട്ടിൽ നിസാറാണ് പിടിയിലായത്. നിസാറിന്റെ കൂടെയുണ്ടായിരുന്ന അരീക്കോട് പത്തനാപുരം സ്വദേശി ഫസലുറഹ്മാനെ പിടികൂടാനായിട്ടില്ല. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കളളക്കടത്തിന് കൂട്ടുനിന്നതിന് വിമാനത്താവളത്തിലെ ജീവനക്കാർ നേരത്തേയും പിടിയിലായിട്ടുണ്ട്.