മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് സംവിധാനങ്ങളില്ല
പൊന്നാനി: ആഴക്കടലിൽ അപകടത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ തീരത്ത് എന്ത് സുരക്ഷാ സംവിധാനമാണുള്ളതെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് നാട്ടികയ്ക്കടുത്ത് തകർന്നിട്ടും രക്ഷാപ്രവർത്തനത്തിന് ഔദ്യോഗിക സംവിധാനങ്ങളൊന്നും എത്താതിരുന്ന സാഹചര്യത്തിലാണ് തീരത്തെ സുരക്ഷാ സംവിധാനങ്ങൾ എവിടെയെന്ന ചോദ്യം ഉയരുന്നത്. 12 മണിക്കൂറോളം കടലിൽ ജീവനോട് മല്ലിട്ട ആറ് മത്സ്യത്തൊഴിലാളികളുടെ രക്ഷക്കെത്തിയത് പൊന്നാനിയിൽ നിന്നെത്തിയ ഒരുകൂട്ടം മത്സ്യത്തൊഴിലാളികളായിരുന്നു. ഔദ്യോഗിക അനുമതിക്ക് കാത്തു നിൽക്കാതെ ഇവർ ഇറങ്ങിപ്പുറപ്പെട്ടില്ലായിരുന്നെങ്കിൽ ആറ് ജീവനുകൾ കടലിൽ നഷ്ടപ്പെടുമായിരുന്നു.
തീരദേശ പൊലീസ് സ്റ്റേഷൻ പൊന്നാനിയിലുണ്ടെങ്കിലും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇടപെടാനുള്ള സംവിധാനങ്ങളില്ല. കടലിൽ അപകടങ്ങൾ പതിവാകുമ്പോഴും സുരക്ഷയൊരുക്കേണ്ടവർ അന്തംവിട്ട് നിൽക്കുന്ന സ്ഥിതിയാണുള്ളത്. അപകടങ്ങൾ അറിയുമ്പോൾ മത്സ്യത്തൊഴിലാളികൾ രണ്ടും കൽപ്പിച്ചിറങ്ങുന്നതാണ് രക്ഷാപ്രവർത്തനമായി മാറുന്നത്. അപകടങ്ങൾ ദുരന്തങ്ങളായി മാറാതിരിക്കുന്നത് ഈ ഇടപെടൽ കൊണ്ടാണ്.
ഞായറാഴ്ച്ച അർദ്ധരാത്രിയോടെ കടലിൽ കുടുങ്ങിയ ബോട്ടിലെ തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി ഫിഷറീസ് വകുപ്പിനെ നിരന്തരമായി ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. അഞ്ച് മണിക്കൂറോളം ബോട്ട് നടുക്കടലിൽ കുടുങ്ങിക്കിടന്ന ശേഷമാണ് തിങ്കളാഴ്ച്ച പുലർച്ചയോടെ മുങ്ങുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാലുവരെ കടലിൽ ഒഴുകി നടന്നെങ്കിലും രക്ഷാപ്രവർത്തനം നടത്തിയതായി പറയുന്ന കോസ്റ്റ് ഗാർഡ് കപ്പലോ എയർക്രാഫ്റ്റോ തങ്ങളുടെ കാഴ്ച്ചവട്ടത്തൊന്നും എത്തിയില്ലെന്ന് രക്ഷപ്പെട്ട് പൊന്നാനിയിലെത്തിയ തൊഴിലാളികൾ പറഞ്ഞു. കോസ്റ്റ് ഗാർഡിന്റെ രണ്ടുകപ്പലും ഒരു എയർക്രാഫ്റ്റും കൊച്ചി മുതൽ ബേപ്പൂർ വരെ കടലിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണം നടത്തിയെന്നാണ് അറിയിച്ചിരുന്നത്.
സുരക്ഷ സംവിധാനങ്ങളെന്ന് എണ്ണിപ്പറയാൻ തീരത്ത് സംവിധാനങ്ങളൊക്കെയുണ്ടെങ്കിലും ഇവയൊന്നും മത്സ്യത്തൊഴിലാളിക്ക് യാതൊരു ഗുണവും ചെയ്യുന്നില്ല.
ബോട്ട് നോക്കുകുത്തി
പൊന്നാനി തീരത്ത് തീരദേശ പൊലീസിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള രക്ഷാബോട്ട് ഉണ്ടെങ്കിലും അതിനിയും കടലിൽ ഇറക്കാനായിട്ടില്ല.
രണ്ടുവർഷം മുമ്പ് പൊന്നാനിയിലെത്തിയ ബോട്ട് സാങ്കേതിക പ്രശ്നങ്ങൾ മൂലം ഫിഷിംഗ് ഹാർബറിലെ ലേലപ്പുരയിൽ വിശ്രമിക്കുകയാണ്.
കോടികൾ വിലയുള്ള ഇന്റർസെപ്റ്റർ ബോട്ടാണ് എൻജിൻ തകരാറുമൂലം തീരത്ത് കയറ്റിയിട്ടിരിക്കുന്നത്.
ആറ് മത്സ്യത്തൊഴിലാളികൾ നടുക്കടലിൽ കുടുങ്ങിയ നിർണ്ണായക ഘട്ടത്തിൽ പോലും ബോട്ട് നോക്കുകുത്തിയായി മാറി.
തകരാർ പരിഹരിക്കാനുള്ള താത്പര്യം ബന്ധപ്പെട്ടവർക്കില്ലാത്തതിനാൽ കടലിലെ പട്രോളിംഗും നടക്കുന്നില്ല. പ്രതികൂല കാലാവസ്ഥകളിൽ കടലിലിറങ്ങാവുന്ന ബോട്ടാണിത്.