m-c-kamarudheen

മലപ്പുറം: കാസർകോട്ടെ ജുവലറി നിക്ഷേപത്തട്ടിപ്പ് കേസിലകപ്പെട്ട മ‌ഞ്ചേശ്വരം എം.എൽ.എ എം.സി.ഖമറുദ്ദീനോട് ആറുമാസത്തിനകം നിക്ഷേപകരുടെ തുക തിരിച്ചുകൊടുക്കണമെന്ന് പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് യോഗം നിർദ്ദേശിച്ചു. ആസ്തിയും കടബാദ്ധ്യതയും നിക്ഷേപകരുടെ ലിസ്റ്റും 15 ദിവസത്തിനകം പാർട്ടിക്ക് സമർപ്പിക്കണം.

ഇരകളായ പാർട്ടി പ്രവർത്തകർ പാണക്കാട്ടെത്തി പ്രതിഷേധമറിയിച്ചതിനെ തുടർന്ന് ഇന്നലെ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളുമായി പാണക്കാട് നിശ്ചയിച്ചിരുന്ന ഖമറുദ്ദീന്റെ കൂടിക്കാഴ്ച റദ്ദാക്കി. മലപ്പുറത്തുണ്ടായിരുന്ന ഖമറുദ്ദീനോട് പാണക്കാട്ടേക്ക് വരേണ്ടെന്ന് അറിയിച്ചു. ഹൈദരലി തങ്ങളെ ഫോണിലൂടെയാണ് ബന്ധപ്പെട്ടത്. ലീഗ് യോഗത്തിലേക്കും വിളിപ്പിച്ചില്ല. തങ്ങളും മറ്റു നേതാക്കളും കാസർകോട് ജില്ലയിലെ നേതാക്കളുമായി വിഷയം ചർച്ച ചെയ്തു. സ്ഥാപനത്തിന്റെ ചെയർമാൻ എന്ന നിലയിൽ ഖമറുദ്ദീനാണ് ചെക്കുകളിൽ ഒപ്പിട്ടിരിക്കുന്നതെന്നും ഇരയായത് പാർട്ടി പ്രവർത്തകരും അനുഭാവികളുമാണെന്നും അവർ ധരിപ്പിച്ചു.

ബംഗളൂരു, മംഗലാപുരം, കാസർകോട് എന്നിവിടങ്ങളിൽ കെട്ടിടങ്ങളും തോട്ടങ്ങളുമുണ്ടെന്നും കടം തീർക്കാമെന്നും ഖമറുദ്ദീൻ ഉറപ്പ് നൽകി. കാസർകോട് ജില്ലാ ലീഗ് ട്രഷറർ കല്ലട്ര മായിൻ ഹാജിയെ മദ്ധ്യസ്ഥനായി നിയോഗിച്ചു. തുക തിരിച്ചുനൽകാമെന്ന് ഖമറുദ്ദീൻ ഉറപ്പ് നൽകിയെന്നും തട്ടിപ്പോ വഞ്ചനയോ നടന്നിട്ടില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 മുഖം രക്ഷിക്കാൻ പാർട്ടി നടപടി

നിക്ഷേപത്തട്ടിപ്പ് പരാതികളിൽ ഇടപെടാതിരുന്ന ലീഗ് ഖമറുദ്ദീനെതിരെ ക്രൈംബ്രാഞ്ചിന്റെ കുരുക്ക് മുറുകിയതോടെയാണ് മുഖം രക്ഷിക്കാൻ രംഗത്തിറങ്ങിയത്. കാസർകോട് ജില്ലാ യു.ഡി.എഫ് ചെയർമാൻ സ്ഥാനം ഇന്നലെ രാജിവയ്പ്പിച്ചു. എം.എൽ.എയെന്ന നിലയിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റിയിൽ പങ്കെടുക്കുന്നത് വിലക്കി. കേസുമായി ബന്ധപ്പെട്ട മറ്റ് പാർട്ടിയംഗങ്ങളോട് പദവികളിൽ നിന്ന് മാറിനിൽക്കാനും നിർദ്ദേശിച്ചു.