thondi
കോഴിച്ചെനയിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം തൊണ്ടി വാഹനങ്ങൾ കുട്ടിയിട്ട നിലയിൽ

തിരൂരങ്ങാടി: കൊവിഡിനെ തുടർന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുമ്പോൾ എന്തുചെയ്യുമെന്ന ആധിയിലാണ് തിരൂരങ്ങാടിയിലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ. വർഷങ്ങളോളമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന കൊഴിച്ചെനയിലെ പുറംപോക്ക് ഭൂമിയിൽ പഴയ വാഹനങ്ങൾ ഒന്നാകെ കൂട്ടിയിട്ടിരിക്കുകയാണ് സാമൂഹ്യവിരുദ്ധർ. സുരക്ഷാ മാർഗങ്ങൾക്ക് തടസ്സമാകുംവിധം ഡ്രൈവിംഗ് ഗ്രൗണ്ടും നശിപ്പിച്ചതിനാൽ കോഴിച്ചെനയിൽ നാളെ മുതൽ ടെസ്റ്റ് പുനഃരാരംഭിക്കാൻ സാധിക്കില്ല.

കോഴിച്ചെനയിലെ ദേശീയപാതയോട് ചേർന്ന പുറംപോക്ക് ഭൂമിയിലാണ് നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയിരുന്നത്. ഇവിടെ മറ്റൊരു ഭാഗത്ത് റവന്യൂ വകുപ്പും പൊലീസും പിടികൂടിയ മണൽ ലോറികളും മറ്റു വാഹനങ്ങളും കൂട്ടിയിട്ടിരുന്നു. ഏതാനം ദിവസങ്ങൾക്ക് മുമ്പാണ് ഇവിടത്തെ വാഹനങ്ങളെല്ലാം ലേലം വിളിച്ച് കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ നശിപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് തൊട്ടടുത്തായി സാമൂഹ്യവിരുദ്ധർ കൂട്ടിയിട്ടത്.

ഉദ്യോഗസ്ഥരുടെ ഫയലുകൾ തയ്യാറാക്കി കൊടുക്കുന്ന താൽക്കാലിക ഷെഡും നശിപ്പിച്ചിട്ടുണ്ട്. കനത്ത മഴയിൽ ഈ ഷെഡ്ഡിലാണ് അധികൃതരും ടെസ്റ്റിന് എത്തുന്നവരും നിന്നിരുന്നത്. നേരത്തെ പുറംപോക്ക് ഭൂമി കൈയ്യേറി മതിൽ കെട്ടാൻ സ്വകാര്യ വ്യക്തി ശ്രമിച്ചിരുന്നു. ഇത് നിർത്തിവെക്കാൻ തിരൂരങ്ങാടി തഹസിൽദാർ പി.എസ്.ഉണ്ണികൃഷ്ണൻ നോട്ടീസ് നൽകിയിരുന്നു. എല്ലാ സുരക്ഷാ മാർഗങ്ങളും ഗ്രൗണ്ടിൽ നടപ്പിലാക്കിയതിന് ശേഷം മാത്രമേ ഡ്രെവിംഗ് ടെസ്റ്റ് തുടങ്ങുകയൊള്ളൂവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.