മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് മുസ്ളിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇ.പി.ജയരാജനെയും ശിവശങ്കറിനെയും മാറ്റിനിറുത്തിയ പോലെ ജലീലിനെയും മാറ്റിനിറുത്താൻ മുഖ്യമന്ത്രി തയ്യാറാവണം. യു.ഡി.എഫ് ഭരണകാലത്ത് സമാന സാഹചര്യങ്ങൾ നേരിട്ടപ്പോൾ ആരും അള്ളിപ്പിടിച്ചിരുന്നിട്ടില്ല. എല്ലാവരും രാജിവച്ചിട്ടുണ്ട്. ഇതു സംഭവം ചെറുതുമല്ല. നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സംശയത്തിന്റെ നിഴലിലാണ് മന്ത്രി. ധാർമ്മികതയും ഉത്തരവാദിത്വബോധവും ഉണ്ടെങ്കിൽ രാജിവയ്ക്കാൻ തയ്യാറാവണം. ഇത്രയേറെ വിവാദങ്ങളിലും ആരോപണങ്ങളിലും പെട്ടൊരു മന്ത്രിയില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.