karipur

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പ്രതികൂല കാലാവസ്ഥയിലും വൈമാനികർക്ക് കൃത്യമായി റൺവേ കാണാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്റൽ ലാൻഡിംഗ് സിസ്റ്റം (ഐ.എൽ.എസ്) നന്നാക്കാനാനുള്ള നടപടി പുരോഗമിക്കുന്നു. അപകടത്തിൽപ്പെട്ട വിമാനംതട്ടി ഐ.എൽ.എസിന്റെ ആന്റിന, ലോക്കലൈസർ എന്നിവ കേടായിരുന്നു. രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന ആന്റിന കരിപ്പൂരിൽ എത്തിച്ച് വൈകാതെ സ്ഥാപിക്കും. റൺവേയുടെ ഏറ്റവും അവസാന ഭാഗത്ത് മദ്ധ്യത്തിലാണ് ഐ.എൽ.എസ് ആന്റിന സ്ഥാപിച്ചിരുന്നത്.

കരിപ്പൂരിൽ രണ്ട് ഐ.എൽ.എസുകളാണുള്ളത്. ഇതിൽ ഒരെണ്ണം കഴിഞ്ഞ ദിവസം കേടായെങ്കിലും ഇതു വേഗത്തിൽ നന്നാക്കി. കാലിബ്രേഷൻ വിമാനമെത്തി പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. വിമാന അപകടത്തെ തുടർന്ന് കേടായത് നന്നാക്കാനുള്ള ശ്രമമാണിപ്പോൾ നടത്തുന്നത്. ശക്തമായ മഴ തുടരുന്ന കരിപ്പൂരിൽ ഇരു ഐ.എൽ.എസുകളും കേടായതോടെ റൺവേ കാണാനാവാതെ കഴിഞ്ഞ ദിവസം വിമാനം തിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേടായതിൽ ഒരെണ്ണം അടിയന്തിരമായി നന്നാക്കിയത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള താത്ക്കാലിക വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതേസമയം വിമാന അപകടവും മൺസൂണും മുൻനിർത്തിയാണ് വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ മാസം ഏഴിനാണ് എയർ ഇന്ത്യയുടെ ദുബൈ വിമാനം കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്.