മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്നലെ 348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 304 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 20 പേർക്ക് ഉറവിടമറിയാതെയാണ് രോഗം ബാധിച്ചത്. വൈറസ് ബാധയുണ്ടായവരിൽ എട്ട് പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 11 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
രോഗബാധിതർ വർദ്ധിക്കുന്നതിനൊപ്പം ജില്ലയിൽ ഇന്നലെ 306 പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ജില്ലാ ഭരണകൂടത്തന്റേയും ആരോഗ്യ വകുപ്പന്റേയും നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 10,307 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി വീടുകളലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടർ പറഞ്ഞു.
32,617 പേർ നിരീക്ഷണത്തിൽ
32,617 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,071 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 417 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1,703 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,36,714 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 1,732 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.