rain

മലപ്പുറം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ ജില്ലയിൽ ഇന്നും മഴ ശക്തമായി തുടരും. ഇന്ന് ഓറഞ്ച് അലേർട്ടും നാളെ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിപ്പിച്ചുണ്ട്. 23, 24 ദിവസങ്ങളിൽ ജില്ലയിൽ മഴ മുന്നറിയിപ്പുകളില്ല. ഇന്നലത്തെ റെഡ് അലേർട്ടിൽ ജില്ലയിൽ വ്യാപകമായി അതിശക്തമായ മഴയാണ് ലഭിച്ചത്. പാലക്കാടും മഴ ശക്തമായതോടെ ഭാരതപ്പുഴയിലും ജലവിതാനം വലിയ തോതിലുയർന്നു. ചാലിയാറും ഏഴോളം കൈവഴികളും നിറഞ്ഞൊഴുകുന്നുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടു കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകൾക്ക് നിർദ്ദേശമേകിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴകി വീണുള്ള അപകടങ്ങൾക്കും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പേകുന്നു. ഇന്ന് രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നെന്നും യാതൊരു കാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പോകി.

ജില്ലയിൽ ലഭിച്ച മഴ (മില്ലീ മീറ്ററിൽ)​

പൊന്നാനി - 58.6
മഞ്ചേരി - 39
അങ്ങാടിപ്പുറം - 73
പെരിന്തൽമണ്ണ - 97.2
കരിപ്പൂർ - 83.4