തിരൂരങ്ങാടി: തിരൂരങ്ങാടി ചെറുമുക്ക് റോഡിന്റെ തുടക്കത്തിൽ ഡ്രൈനേജ് സ്ളാബുകളിൽ തട്ടി അപകടങ്ങൾ പതിവാകുന്നു. ഇരുവശത്തും റോഡ് നിരപ്പിനേക്കാൾ ഉയർന്ന് നിൽക്കുന്ന ഡ്രൈനേജ് സ്ലാബുകളും റോഡിന്റെ വളവും അപകടം വിളിച്ചുവരുത്തുന്നുണ്ട്. ഡ്രൈനേജ് സ്ലാബുകളിൽ തട്ടി ചെറുതും വലുതുമായ അപകടങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ചെമ്മാട് നിന്ന് തിരൂർ, താനൂർ ഭാഗത്തേക്കും തിരൂർ, താനൂർ, നന്നമ്പ്ര ഭാഗത്തുള്ളവർക്ക് കരിപ്പൂർ വിമാനത്താവളത്തിലേക്കും ഏളുപ്പത്തിൽ പോവാൻ സഹായിക്കുന്ന റോഡാണിത്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രിയതയും വാഹനങ്ങളുടെ അമിതവേഗതയും കാരണം അപകട പരമ്പര തുടരുന്നുണ്ട്. വാഹന വേഗത കുറയ്ക്കുന്നതിന് വേണ്ട സൂചനാ ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.