പൊന്നാനി: നാടക പ്രവർത്തകനും എഴുത്തുകാരനും ലൈബ്രേറിയനുമായിരുന്ന കെ എ ഉമ്മർകുട്ടിക്ക് ആദരവുമായി പൊന്നാനി നഗരസഭ. ഉമ്മർകുട്ടിയുടെ ജന്മദേശമായ പൊന്നാനി അഴീക്കലിലെ ഫിഷറീസ് ഗവ. സ്‌ക്കൂളിലെ ക്ലാസ് മുറികളിൽ ഉമ്മർകുട്ടിയുടെ പേരിൽ ലൈബ്രറി ആരംഭിക്കും. അഞ്ച് ക്ലാസ് മുറികളാണ് സ്‌ക്കൂളിലുള്ളത്. തീരദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന് നിരന്തരമായി ഇടപെട്ട ഉമ്മർകുട്ടിക്കുള്ള മരണാനന്തര ആദരവെന്ന നിലയിലാണ് ലൈബ്രറികൾ തുടങ്ങുന്നത്.
പൊന്നാനി നഗരസഭയിലെ ഒമ്പത് എൽ.പി സ്‌ക്കൂളുകളിലും ക്ലാസ് ലൈബ്രറികൾ നടപ്പാക്കും. ആകെ 67 എൽ.പി ക്ലാസ് മുറികളാണുള്ളത്. ക്ലാസ് മുറികളിൽ പുസ്തകം അടക്കിവെക്കാനുള്ള പ്രത്യേക അലമാറകൾ സ്‌ക്കൂളുകളിലെത്തി. ഏഴായിരം രൂപയുടെ പുസ്തകങ്ങളാണ് നഗരസഭ നൽകുക. ബാല സാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ പുസ്തകങ്ങളാണ് ലഭ്യമാക്കുക.
ഒരു വർഷം 70 പുസ്തകങ്ങളിലൂടെ കുട്ടികൾ കടന്നു പോകണമെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്ലാസ് ലൈബ്രറികളുടെ ചുമതല അദ്ധ്യാപകർക്ക് പ്രത്യേകമായി നൽകും. കുട്ടികളുടെ പിറന്നാളിനും മറ്റു വിശേഷ അവസരങ്ങളിലും ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനമായി ലഭ്യമാക്കും. വായിച്ച പുസ്തകങ്ങളുടെ അനുഭവ കുറിപ്പ് തയ്യാറാക്കുന്നതിന് കുട്ടികൾ കൈപുസ്തകം നൽകും. മികച്ച അനുഭവ കുറിപ്പിന് എല്ലാവർഷവും ഉമ്മർകുട്ടിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ യുപി ക്ലാസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പുസ്തക അലമാരയെന്ന ആശയം പൊന്നാനിക്ക് പരിചയപ്പെടുത്തിയത് ലൈബ്രേറിയൻ ഉമ്മർകുട്ടിയാണ്. പൊന്നാനി താലൂക്ക് ആശുപത്രി, സബ് ജയിൽ, ജില്ല ജയിൽ, മഹിള കേന്ദ്രം എന്നിവിടങ്ങളിൽ ഉമ്മർ കുട്ടിയുടെ നേതൃത്വത്തിൽ പുസ്തക അലമാരകൾ സ്ഥാപിച്ചിരുന്നു.