വളാഞ്ചേരി: ഖുറാന്റെ മറവിൽ സ്വർണ്ണ കള്ളകടത്ത് നടത്തിയിട്ടുണ്ടാവാമെന്ന് കെ.ടി.ജലീൽ തന്നെ പറഞ്ഞ സഹചര്യത്തിൽ ഖുറാനെ അവഹേളിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് എൻ.ഡി.എ ജില്ലാ കൺവീനർ ദാസൻ കോട്ടക്കൽ വളാഞ്ചേരിയിൽ ജലീലിന്റെ വീട്ടുപടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറന്നുപറച്ചിൽ ജലിൽ രാജിവെക്കേണ്ടതിന്റെ അനിവാര്യതയാണ് ചുണ്ടികാട്ടുന്നത്. താൻ രാജിവെക്കുമ്പോൾ ഒറ്റക്കല്ല മന്ത്രിസഭയെ മൊത്തമായി രാജിവെപ്പിച്ചേ പോകൂ എന്ന ജലീലിന്റെ ശാഠ്യത്തിൽ മുഖ്യമന്ത്രിയും പ്രതിരോധത്തിലാണ്. രാഷ്ട്രീയമായി നേരിടാൻ കഴിയാതെ വന്നപ്പോഴാണ് മതഗ്രന്ഥത്തെ ഉപയോഗപ്പെടുത്തി രക്ഷപ്പെടാമെന്ന നിലപാട് സി.പി.എം സ്വീകരിച്ചത്. ഇത് ദൂരവ്യാപക പ്രത്യാഖ്യാതമുണ്ടാക്കുന്ന നിലപാടാണ്. ഇതിന് കനത്ത തിരിച്ചടി സി.പി.എം നേരിടേണ്ടി വരുമെന്നും എം.ടി രമേഷ് പറഞ്ഞു. എൻ.ഡി.എ ജില്ലാ ചെയർമാൻ രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ബിനു, സെക്രട്ടറി അഡ്വ.എം.പി രാജൻ, ബി.ജെ.പി മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ , മേഖലാ ഉപാദ്ധ്യക്ഷൻ കെ.കെ സുരേന്ദ്രൻ, മേഖലാ ജനറൽ സെക്രട്ടറി പ്രേമൻ, കെ. നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലമുക്ക്, പി.പി ഗണേശൻ, കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, ജനറൽ സെക്രട്ടറി എം.കെ ജയകുമാർ, ബാബു കാർത്തല, ബി.ഡി.ജെ.എസ് ജില്ലാ നേതാക്കളായ സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, ശിവദാസൻ കുറ്റിയിൽ, രമേഷ് കോട്ടായപ്പുറത്ത്, പുരുഷോത്തമൻ വാറങ്കോട്, ദിലീപ് ഒതുക്കുങ്ങൽ, വാസു കാരായ് തുടങ്ങിയവർ സംസാരിച്ചു.