മലപ്പുറം: വാഹന പരിശോധനയ്ക്കായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈ കാണിക്കുമ്പോൾ നിറുത്താതെ വെട്ടിച്ചോടുന്നവർക്കും പണികിട്ടി തുടങ്ങി. വീട്ടിലെത്തും മുമ്പേ പിഴത്തുക അറിയിപ്പും അടയ്ക്കാനുള്ള ഓൺലൈൻ ലിങ്കും മൊബൈലിലെത്തും. വാഹനത്തിന്റെ നമ്പർ മാത്രം മതി ഇനി ഇത്തരം വാഹനവീരന്മാരെ ഉദ്യോഗസ്ഥർക്ക് പിടിക്കാൻ. വാഹന പരിശോധന ഡിജിറ്റലാക്കുന്ന ഇ-ചലാൻ പദ്ധതിക്ക് ഈമാസം മുതൽ ജില്ലയിലും തുടക്കമായി. കരിപ്പൂരിൽ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌ക്വാഡുകൾ കൂടി രംഗത്തെത്തിയതോടെ വരുംദിവസങ്ങളിൽ പരിശോധനയും ശക്തമാവും.
കൊച്ചിയിൽ നടപ്പാക്കിയ പദ്ധതി വിജയകരമായതിനെ തുടർന്നാണ് ജില്ലയിലേക്കും വ്യാപിപ്പിക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ ഇചലാൻ സോഫ്റ്റ്‌വെയറും കേന്ദ്ര ഗതാഗത വകുപ്പിന്റെ വാഹൻ സാരഥി സോഫ്റ്റ് വെയറും ബന്ധിപ്പിച്ചാണ് പുതിയ ഓൺലൈൻ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിൽ വാഹനത്തിന്റെ നമ്പർ നൽകുന്നതോടെ രാജ്യത്തെ ഏത് വാഹനങ്ങളുടെയും മുഴുവൻ വിവരങ്ങളും മുൻകാല കുറ്റകൃത്യങ്ങളുമടക്കം ഞൊടിയിടയിൽ അറിയാനാവും. നിയമലംഘനങ്ങളുടെ ഫോട്ടോയും സമയവും സ്ഥലവുമെല്ലാം രേഖപ്പെടുത്താം.
പിഴ ഓൺലൈനിൽ
പിഴത്തുക അടയ്ക്കാനായി നൂറോളം പോയിന്റ് ഒഫ് സെയിൽ (പി.ഒ.എസ്) മെഷീനുകൾ സംസ്ഥാനത്തെ 85 എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകൾക്ക് ഇതിനകം നൽകിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ സ്‌ക്വാഡുകൾക്കും പി.ഒ.എസ് മെഷീൻ ലഭിച്ചിട്ടുണ്ട്. എ.ടി.എം കാർഡുപയോഗിച്ച് പിഴയടയ്ക്കാം. കൂടാതെ ഉദ്യോഗസ്ഥരുടെ മൊബൈൽ ഉപയോഗിച്ച് ഇചെലാൻ ആപ്ലിക്കേഷനിലൂടെ പിഴയുടെ ലിങ്ക് വാഹന ഉടമയ്ക്ക് അയക്കാനാവും. ഇതുവഴി ഓൺലൈനായും പിഴയടയ്ക്കാം. പിഴ അടച്ചില്ലെങ്കിൽ നിയമലംഘനത്തിന്റെ ഫോട്ടോ സഹിതം വിർച്വൽ കോടതികളിലെത്തും. കേസ് പരിശോധിച്ച് പിഴത്തുകയുടെ വിവരം ഉടമയുടെ മൊബൈലിലേക്ക് അയക്കും. തുടർന്നും പിഴയടച്ചില്ലെങ്കിൽ വിചാരണ നേരിടേണ്ടിവരും. നിലവിൽ എറണാകുളത്താണ് വിർച്വൽ കോടതിയുള്ളത്. പിഴയടച്ചില്ലെങ്കിൽ മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട ഒരുസേവനവും വാഹന ഉടമയ്ക്ക് ലഭിക്കില്ല.
പിഴ ഈടാക്കാൻ കൂടുതൽ പി.ഒ.എസ് മെഷീനുകൾ ലഭ്യമാക്കും. പിഴയടച്ചില്ലെങ്കിൽ വാഹനം ബ്ലാക്ക് ലിസ്റ്റിലുൾപ്പെടുത്തും. നിയമലംഘകർക്കെതിരെ നടപടി വേഗത്തിലാക്കാൻ പദ്ധതി സഹായിക്കുന്നുണ്ട്.
രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ( എൻഫോഴ്സ്‌മെന്റ്)
റോഡിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വേഗത്തിൽ പിഴ ഈടാക്കാൻ പദ്ധതി സഹായിക്കുന്നുണ്ട്. ഓൺലൈൻ പിഴ രീതി കൊവിഡ് കാലത്തെ സാഹചര്യത്തിൽ ഏറെ സഹായകരമാണ്.
ടി.ജി.ഗോഖുൽ, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ മലപ്പുറം