പൊന്നാനി: കാത്തിരിപ്പിനൊടുവിൽ മത്സ്യത്തൊഴിലാളികൾക്കായുള്ള ഭവന സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തീരദേശത്തെ ദുരിതബാധിതർക്കായി പൊന്നാനി ഫിഷിംഗ് ഹാർബറിനോട് ചേർന്ന സ്ഥലത്താണ് ഭവനസമുച്ചയം നിർമ്മിക്കുന്നത്. നിർമ്മാണോദ്ഘാടനം നിർവഹിച്ച് രണ്ട് വർഷമായെങ്കിലും സങ്കേതിക കുരുക്കുകളിൽ കുടുങ്ങി നിർമ്മാണ പ്രവൃത്തികൾ അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുമെന്നുറപ്പായതോടെ ദുരിതബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് ഇത് പ്രതീക്ഷയും ആശ്വാസവുമാണ് നൽകുന്നത്.
16 ബ്ലോക്കുകളിലായി 128 വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുക. ഒരു ബ്ലോക്കിൽ എട്ട് വീടുകളുണ്ടാകും. അഞ്ഞൂറ് സ്‌ക്വയർ ഫീറ്റാണ് ഒരോ വീടിന്റെയും വിസ്തീർണ്ണം. രണ്ട് മുറികൾ, അടുക്കള, ഡൈനിംഗ് ഹാൾ, പൊതു കുളിമുറി എന്നിവയാണ് ഒരു വീട്ടിലുണ്ടാവുക. 11.69 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ കരാർ. 2021 ജൂൺ മാസത്തിൽ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് കരാർ. കാലാവധിക്ക് മുമ്പ് തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാനാകുമെന്ന് കരാറുകാർ പറഞ്ഞു.
തിരുവനന്തപുരം മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച ഭവന സമുച്ചയത്തിന്റെ മാതൃകയിൽ പൊന്നാനിയിലെ ഭവന സമുച്ചയം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. മുട്ടത്തറ മാതൃക പൊന്നാനിയുടെ സാഹചര്യത്തിൽ ഗുണകരമാകില്ലെന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡിസൈനിൽ മാറ്റം വരുത്തുകയായിരുന്നു. നിർമ്മാണോദ്ഘാടനത്തിന് ശേഷമാണ് ഡിസൈനിൽ മാറ്റം നിർദ്ദേശിക്കപ്പെട്ടത്. ഇത് കാലതാമസത്തിനിടയാക്കി. സങ്കേതിക നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ജൂണിലാണ് ഊരാലുങ്കലുമായി നിർമ്മാണ കരാർ ഒപ്പുവെച്ചത്. പ്രതികൂല കാലാവസ്ഥയും ക്വാറി നിയന്ത്രണവും കാരണം രണ്ടര മാസം വൈകിയാണ് നിർമ്മാണം ആരംഭിക്കുന്നത്.
ഭവന സമുച്ചയത്തിലേക്കുള്ള റോഡിന്റെ പ്രെപ്പോസൽ നിയമസഭ സ്പീക്കർ മുഖേന സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ വീതിയിലാണ് റോഡ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഹാർബർ റോഡിൽ നിന്ന് 250 മീറ്റർ വ്യത്യാസത്തിലാണ് ഭവനസമുച്ചയം നിർമ്മിക്കുന്നത്. 128 കുടുംബങ്ങൾക്ക് മറ്റു സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഉദ്ദേശിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിലാണ് അത് നടപ്പാക്കുക.
നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ തബൂക്ക് നിർമ്മാണ യൂണിറ്റ് പദ്ധതി പ്രദേശത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്കുള്ള താൽക്കാലിക ഷെഡുകളും തയ്യാറായിട്ടുണ്ട്. ഭവന സമുച്ചയത്തിന്റെ തറ നിർമ്മാണത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. പൂർണ്ണ സജീകരണങ്ങളോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്. അടുത്ത മഴക്കു മുമ്പ് തീരദേശത്തെ ദുരിതബാധിതർക്ക് കെട്ടുറപ്പുള്ള വീടൊരുങ്ങുമെന്ന് പ്രത്യാശിക്കാം.