മലപ്പുറം: കൊവിഡ് സ്ഥിരീകരിച്ചവർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ കർശന വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. വൈറസ് ബാധിതരും വീട്ടിൽ ഒരുമിച്ചു കഴിയുന്നവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണ കാലയളവ് ആരംഭിച്ചശേഷം 10 ദിവസത്തിനു ശേഷം വീടുകളിൽ കഴിയുന്നവർക്കെല്ലാം കൊവിഡ് പരിശോധന നടത്തും. പരിശോധനാഫലം നെഗറ്റിവായാലും ഏഴ് ദിവസം കൂടി വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരണം. പ്രാദേശികമായി മെഡിക്കൽ ഓഫീസർ അറിയിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽവച്ചാണ് കൊവിഡ് പരിശോധന നടത്തേണ്ടതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
ഇങ്ങനെയെങ്കിൽ വീട്ടിൽ തങ്ങാം
പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടാവരുത്. പരിചരിക്കുന്നതിനായി മറ്റ് രോഗങ്ങളില്ലാത്ത ഒരാൾ ഉണ്ടായിരിക്കണം. ഗുരുതരമായ രോഗമുള്ളവർ വീട്ടിൽ ഒരുമിച്ച് താമസിക്കാൻ പാടില്ല. രോഗിക്ക് മാത്രമായി ഉപയോഗിക്കാൻ ബാത്ത് അറ്റാച്ച്ഡ് മുറി ഉണ്ടായിരിക്കണം. വീട്ടിലേക്ക് ആംബുലൻസ് എത്താനുള്ള സൗകര്യം ഉണ്ടായിരിക്കണം.
രോഗികൾ ശ്രദ്ധിക്കണമിത്
• രോഗിക്ക് ഭക്ഷണം നൽകുമ്പോഴും നേരിട്ട് ഇടപഴകുമ്പോഴും രോഗിയും പരിചാരകരും മൂന്ന് ലയറുകളുള്ള മാസ്ക് ശരിയായി ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.
• ഭക്ഷണം കഴിക്കാനും മറ്റുള്ള ആവശ്യങ്ങൾക്കും വീട്ടിലെ പൊതുയിടങ്ങൾ പങ്കിടരുത്.
• സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക.
• ഉപയോഗിച്ച വസ്ത്രങ്ങൾ ബാത്ത് റൂമിൽ സ്വയം കഴുകി ഉണക്കേണ്ടതാണ്.
• രോഗലക്ഷണങ്ങൾ കൂടുന്നതും പുതിയ ലക്ഷണങ്ങൾ ഉണ്ടാകുന്നതും സ്വയം നിരീക്ഷിക്കുക.
• ഡിജിറ്റൽ പൾസ് ഓക്സീമീറ്റർ ഉപയോഗിച്ച് ദിവസം രണ്ട് നേരം രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുകയും രേഖപ്പെടുത്തി വെയ്ക്കുകയും വേണം. റീഡിംഗ് ഫോട്ടോയെടുത്ത് വാട്സ് ആപ്പ് മുഖാന്തരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്ക് അയച്ചുകൊടുക്കണം. പൾസ് ഓക്സീമീറ്റർ ബന്ധപ്പെട്ട പഞ്ചായത്ത്, ആശുപത്രി എന്നിവയിൽ നിന്നോ, വ്യക്തിപരമായോ വാങ്ങാവുന്നതാണ്.
അപകട സൂചനകൾ
• ശ്വാസതടസ്സം, നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിൽനിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, രക്തസമ്മർദ്ദം കുറഞ്ഞ് മോഹാലസ്യം ഉണ്ടാകൽ, കിതപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് 95 ൽ കുറവാകുക, പൾസ് റേറ്റ് 100 ന് മുകളിലെത്തുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ വിവരം അറിയിക്കുക.