കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ മിക്സിക്കുളളിൽ ഒളിപ്പിച്ച് കടത്തിയ 95.35 ലക്ഷത്തിന്റെ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. മലപ്പുറം ചെറുവായൂർ മാട്ടിൽ അബ്ദുൾ അസീസ്(45) എന്ന യാത്രക്കാരനിൽ നിന്നാണ് 1,866 ഗ്രാം സ്വർണം കണ്ടെടുത്തത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് അസീസ് കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ ബാഗേജ് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് തുറന്ന് പരിശോധിക്കുകയായിരുന്നു. ബാഗിലുണ്ടായിരുന്ന മിക്സിക്കുളളിൽ അതീവ രഹസ്യമായിട്ടാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണം സിലണ്ടർ രൂപത്തിലാക്കി പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് മിക്സിക്കുളളിൽ തേച്ചു പിടിപ്പിച്ച നിലയിലായിരുന്നു. ഇയാളെ പിന്നീട് കസ്റ്റംസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ ഡെപ്യൂട്ടി കമ്മീഷണർ ടി.എ.കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.പി മനോജ്, കെ.സുധീർ,എസ്.ആശ, ഇൻസ്പെക്ടർമാരായ സുമിത് നെഹ്റ, രാമേന്ദ്രസിംങ്,എം.ജയൻ, ചാന്തൻ തുടങ്ങിയവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.