covid

മലപ്പുറം: ജില്ലയിൽ കൊവിഡ് രോഗിബാധിതരുടെ എണ്ണം വീണ്ടും 500 കടന്നു. ഇന്നലെ 512 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ദിവസങ്ങളുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് വൈറസ് ബാധിതരുടെ എണ്ണം 500 കവിയുന്നത്. രോഗബാധിതർ വൻതോതിൽ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത പാലിക്കുന്നതിൽ വിട്ടുവീഴ്ചകൾ പാടില്ല. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 465 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 20 പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 11 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

അതേസമയം 372 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്നലെ രോഗമുക്തരായി. ഇതുവരെ 13,074 പേരാണ് ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

29,586 പേർ നിരീക്ഷണത്തിൽ

29,586 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,474 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 473 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 2,005 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,50,649 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 4,008 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.