-shahul-hameed

മലപ്പുറം: ആന്ധ്രയിൽ നിന്ന് മലപ്പുറത്തേക്ക് മിനിലോറിയിൽ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് മലപ്പുറം പൊലീസ് പിടികൂടി. ഉള്ളി കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കഞ്ചാവുകടത്ത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി ഷാഹുൽ ഹമീദ് (25), മഞ്ചേരി തുറക്കലിലെ അക്ബർ അലി (32), കോട്ടയ്ക്കൽ ഇന്ത്യന്നൂർ സ്വദേശി അബ്ദുറഹിമാൻ (34), ഇരുമ്പുഴി സ്വദേശി നജീബ് (34), കരിപ്പൂർ സ്വദേശി മുഹമ്മദ് ഇർഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. ലോറിക്ക് അകമ്പടി പോവുകയായിരുന്ന ഇന്നോവ വാഹനവും പിടികൂടി. മലപ്പുറം പൊലീസ് ഇൻസ്‌പെക്ടർ എ.പ്രേംജിത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. മലപ്പുറം സ്റ്റേഷനിലെ എസ്.ഐ സംഗീത് പുനത്തിൽ, അഡീഷണൽ എസ്.ഐ മുഹമ്മദ്, സി.പി.ഒമാരായിരുന്ന ജാഷിൻ ഹംദ്, പ്രശോഭ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.