കൊണ്ടോട്ടി: സൗദിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ തൊട്ടിൽപ്പാലം പാറശ്ശേരി മിത്തൽ റിയാസിനെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ച കേസിൽ സ്വർണ കള്ളക്കടത്തു സംഘത്തിലെ നാലുപേർ അറസ്റ്റിൽ. താമരശ്ശേരി കണ്ണീരുപ്പിൽ ഫസൽ (31) എന്ന ഗുണ്ടാ ഫസൽ, മലപ്പുറം മമ്പാട് കച്ചേരിക്കുനിയിൽ മുഹമ്മദ് ബഷീർ എന്ന വിഗ്രഹം ബഷീർ(45), കോരക്കാട് ഇഷൽ മൻസിൽ അബ്ദുൾ നാസർ (46), താമരശ്ശേരി ചെമ്പായി മുഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ടുപോവാൻ ഉപയോഗിച്ചതടക്കം രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
നാട്ടിലെത്തിക്കാനായി സ്വർണം യുവാവിനെ ഏൽപ്പിച്ചിട്ടുണ്ടെന്ന സംശയത്തിൽ ആറോളം വാഹനങ്ങളിലായി വന്ന സംഘം കൊണ്ടോട്ടി കാളോത്ത് വച്ച് ഇയാൾ സഞ്ചരിച്ച കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭീകരമായി മർദ്ദിച്ച ശേഷം മുക്കം ടൗണിൽ ഇറക്കി വിട്ടു.
മുഖ്യപ്രതികളിലേക്ക് അന്വേഷണമെത്താതിരിക്കാൻ വ്യാജ പ്രതികളെ ഹാജരാക്കാനും ശ്രമം നടന്നു. വ്യാജപ്രതികൾക്ക് നൽകാനായി സംഘത്തലവൻ നൽകിയ ഒരു ലക്ഷത്തോളം രൂപയും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. മുഴുവൻ പ്രതികളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പിടിയിലായ ബഷീറിനെതിരെ മോഷണമടക്കം ആറോളം കേസുകളുണ്ട്. തങ്കവിഗ്രഹം നിധിയായി ലഭിച്ചെന്ന പേരിൽ പണം തട്ടിയതിന് നിലമ്പൂർ, വണ്ടൂർ, കൽപ്പറ്റ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിലായി കേസുകളുണ്ട്. ഇങ്ങനെയുണ്ടാക്കിയ സമ്പാദ്യമുപയോഗിച്ച് ഗുണ്ടൽപേട്ട് ടൗണിൽ ആഡംബര റിസോർട്ട് നടത്തുകയായിരുന്നു. റിസോർട്ടിൽ സ്ഥിരമായി വരാറുള്ള ചില സ്വർണക്കടത്തു സംഘാംഗങ്ങളുമായി സൗഹൃദത്തിലായതിനെ തുടർന്നാണ് ബഷീറും ഇതിൽ പങ്കാളിയായത്. പിടിയിലായ ഫസലിനെതിരെ ഗവ . ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ താമരശ്ശേരി സ്റ്റേഷനിൽ കേസുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.