thirurangadi
രക്ഷപ്പെട്ട ഷാനിബും മുഹമ്മദ് സിനാനും

തിരൂരങ്ങാടി: ഉപ്പയെയും അനിയനെയും കടലുണ്ടിപ്പുഴ മരണക്കയത്തിലേക്ക് കൊണ്ടുപോയതിന്റെ ആഘാതത്തിലാണ് ഒമ്പത് വയസ്സുകാരനായ ഷാനിബ്. മുങ്ങിതാഴുന്നതിനിടെ സമീപത്ത് മരം വെട്ടുന്നവർ കയറിട്ടാണ് ഷാനിബിനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റിയത്. ഈ സമയത്തിനിടെ തന്നെ ഉപ്പ ഇസ്മാഈലീനെയും അനിയൻ ഷംവീലിനെയും പുഴ കവർന്നിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 11.30ഓടെ കക്കാട് ബാക്കിക്കയം റഗുലേറ്റർ കംബ്രിഡ്ജിന് സമീപമാണ് ദുരന്തമുണ്ടായത്. ഒരുദിവസത്തെ തിരച്ചിലിനൊടുവിൽ ശനിയാഴ്ചയാണ് ഇസ്‌മാഈലിന്റെയും ഷംവീലിന്റെയും മൃതദേഹങ്ങൾ കിട്ടിയത്. ഇന്നലെ ഇരുവരെയും കക്കാട് ജുമാമസ്ജിദിൽ ഖബറടക്കി.

തൊട്ടടുത്തുള്ള വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഷംവീലിന്റെ ആഗ്രഹപ്രകാരമാണ് ഉപ്പയ്ക്കും അയൽവാസിയായ മുഹമ്മദ് സിനാനും ബന്ധുവായ പെൺകുട്ടിക്കുമൊപ്പം വീടിന് തൊട്ടടുത്തുള്ള പുഴയിലേക്ക് കുളിക്കാൻ പോയതെന്ന് ഷാനിബ് പറയുന്നു. പുഴയിൽ മണൽ ചാക്ക് കുട്ടിയിട്ടതിന് മുകളിൽ കയറി കുളിക്കുന്നതിനിടെ ഷംവീൽ കാൽ തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ താനും മുഹമ്മദ് സിനാനും പിന്നാലെ ഉപ്പ ഇസ്മായിലും പുഴയിലേക്ക് ചാടി. അതിശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നെന്ന് ഷാനിബ് പറഞ്ഞു. നീന്തി രക്ഷപ്പെട്ട മുഹമ്മദ് സിനാൻ അപകട വിവരം വീട്ടിലറിയിക്കാനായി ഓടുന്നതിനിടെ തൊട്ടടുത്ത് മരം വെട്ടുകയായിരുന്ന പടിക്കൽ മരമില്ലിലെ ജോലിക്കാരായ ചന്ദ്രൻ, പറമ്പിൽ പിടിക സ്വദേശി കെ.ടി.മുഹമ്മദ് ബഷീർ, ചേളാരി സ്വദേശി ചുള്ളിയൻ അഷ്റഫ്, പള്ളിക്കൽ ബസാറിലെ നവാസ്, മുസ്തഫ എന്നിവരെ വിവരമറിയിച്ചു. ഇവർ ഓടിയെത്തിയപ്പോൾ മുങ്ങിതാഴുന്ന ഷാനിബിനെയാണ് കണ്ടത്. നാലുപേരും കയറുമായി വെള്ളത്തിലേക്ക് ചാടുകയും ഒഴുക്കിൽപ്പെട്ട ഷാനിബിനെ കയർക്കെട്ടി വലിച്ച് രക്ഷപ്പെടുത്തി. മറ്റുള്ളവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് നിസ്സഹായരായി കരയ്ക്ക് കയറേണ്ടി വന്നു. ഇതിനകം തന്നെ വിവരമറിഞ്ഞ് നിരവധിപേർ പുഴക്കരയിൽ എത്തിയിരുന്നു.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അബൂദാബിയിൽ ജോലി ചെയ്യുന്ന ഇസ്‌മാഈലിന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞത്. പതിനെട്ട് ദിവസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഇരുവശത്തും പാർശ്വഭിത്തി കെട്ടിയിട്ടുണ്ട്. എന്നാൽ ഇവർ ഇറങ്ങിയ ഭാഗത്ത് പാർശ്വഭിത്തിയില്ല. പുഴയുടെ ഈ ഭാഗം ആഴം കൂടിയതും ശക്തമായ ഒഴുക്കുമുള്ളയിടമാണ്. നാല് മാസം മുമ്പ് ലീവിനെത്തിയ ഇസ്മൗഈൽ ഡിസംബറിൽ തിരിച്ചുപോവാനിരിക്കുകയായിരുന്നു.