chamravattam
ചമ്രവട്ടം

പൊന്നാനി: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയ്ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ ഇനിയും വൈകും. ചോർച്ച പരിഹരിക്കുന്നതിനായുള്ള മൂന്നാമത്തെ ടെണ്ടറും യോഗ്യത നേടിയില്ല. റഗുലേറ്ററിലെ ചോർച്ചയ്ക്ക് പരിഹാരം കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഇത് പദ്ധതി കൊണ്ടുള്ള പൂർണ്ണ ഗുണം ലഭ്യമാകുന്നത് ഇനിയുമേറെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാക്കും. റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയടക്കാനുള്ള ഷീറ്റ് പൈൽ പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള മൂന്ന് ടെണ്ടറുകളും പരാജയപ്പെട്ടതോടെ വീണ്ടും ടെണ്ടർ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. മൂന്നാമത്തെ ടെണ്ടറിൽ രണ്ട് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. ടെണ്ടറിൽ പങ്കെടുത്ത കമ്പനികൾ പുനർനിർമ്മാണ പ്രവൃത്തികൾക്കായി കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് മൂന്നാമത്തെ ടെണ്ടറും പരാജയമായത്. പൊന്നാനി ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ഫിനാൻഷ്യൽ ബിഡ് രണ്ടാഴ്ചക്കകം തുറന്നേക്കും. ഇതിനായി നാലാം തവണയും ടെണ്ടർ ക്ഷണിച്ചു.

ചോർച്ച അടക്കുന്നതിനായി സർക്കാർ 29.75 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും 31.2 കോടി രൂപ ചെലവ് കണക്കായിരുന്നു. മൂന്നാമത്തെ ടെണ്ടറിൽ സർക്കാർ അനുവദിച്ച തുകയുടെ 25 ശതമാനം അധികം കമ്പനികൾ ആവശ്യപ്പെട്ടതോടെയാണ് വീണ്ടും ടെണ്ടർ നടത്താൻ തീരുമാനിച്ചത്. ഇക്കാര്യം ഇറിഗേഷൻ വകുപ്പ് സർക്കാറിന് സമർപ്പിച്ചെങ്കിലും തുക അധികമാണെന്ന് ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പ് തള്ളുകയായിരുന്നു.

വേനലിലും തുറന്നിട്ട് ഷട്ടറുകൾ

ചോർച്ച കാരണം റഗുലേറ്ററിന്റെ മദ്ധ്യഭാഗത്തെ 14ഓളം ഷട്ടറുകൾ വേനൽകാലത്ത് പോലും അടച്ചിടാറില്ല. ഇതു കാരണം ജലം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച പരിഹരിക്കുന്നതിനായി ചമ്രവട്ടം റെഗുലേറ്റർ ഡിവിഷൻ തയ്യാറാക്കിയ പരിഹാര നിർദേശം സർക്കാരിന് സമർപ്പിച്ച് മാസങ്ങളായി. ഇതിനായി ഫണ്ടും അനുവദിച്ചിരുന്നു. എന്നാലിത് അപര്യാപ്തമാണെന്ന വിലയിരുത്തലുണ്ട്. പദ്ധതിയുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ഐ.ഐ.ടി നടത്തിയ പഠന റിപ്പോർട്ട് റെഗുലേറ്റർ ഡിവിഷന് സമർപ്പിച്ചിട്ട് ഒരു വർഷത്തിലേറെയായി.

ഒരു കിലോമീറ്റർ നീളവും, 70 ഷട്ടറുകളും ഉള്ള റെഗുലേറ്ററിന്റെ മധ്യഭാഗത്തെ 20 ഷട്ടറുകൾക്കടിയിലൂടെയാണ് ചോർച്ചയുള്ളതായി ഡൽഹി ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നത്. ഇതനുസരിച്ചു ഇപ്പോഴുള്ള മൂന്നര മുതൽ ഏഴ് മീറ്റർ വരെയുള്ള പൈലിംഗിനോട് ചേർന്ന് തൊട്ട് താഴെയായി 11.2 മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തി ഷീറ്റുകൾ സ്ഥാപിച്ചാലേ ചോർച്ചയ്ക്ക് പരിഹാരം കാണാൻ കഴിയു എന്നാണ് ഐ.ഐ.ടി ചൂണ്ടികാണിച്ചിരിക്കുന്നത്. ഇങ്ങനെ പുനർക്രമീകരണം നടത്താൻ 51 കോടി രൂപയോളം ചിലവ് വരും. നരിപ്പറമ്പ് മുതൽ കുറ്റിപ്പുറം വരെ 13 കിലോമീറ്ററോളം ജലം സംഭരിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും ജലം സംഭരിച്ചു നിർത്താൻ കഴിഞ്ഞിട്ടില്ല.