മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 11 പഞ്ചായത്തുകൾ ഇന്റലിജന്റ് ഇ-ഗവേണൻസിലേക്ക്. ആദ്യഘട്ടത്തിൽ മൂത്തേടം, മമ്പാട്, കീഴുപറമ്പ്, പോരൂർ, എ.ആർ നഗർ, നന്നമ്പ്ര, തലക്കാട്, ചെറിയമുണ്ടം, മക്കരപ്പറമ്പ്, നന്നംമുക്ക്, കുറുവ തുടങ്ങി 11 ഗ്രാമപഞ്ചായത്തുകളിലാണ് ഇതു നടപ്പിലാക്കുന്നത്. പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന ഇരുന്നൂറിലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും അപ്പീലുകളും നിർദേശങ്ങളുമാണ് ഇതുവഴി ഓൺലൈനായി സമർപ്പിക്കാനാവുക.
അപേക്ഷകൾ http://erp.lsgkerala.gov.in എന്ന സൈറ്റിലൂടെയാണ് സമർപ്പിക്കേണ്ടത്. സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമാകുന്ന യൂസർ ലോഗിൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ പൊതുജനങ്ങൾക്ക് അപേക്ഷകൾ അയയ്ക്കാം. പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് മുഖേനയും അപേക്ഷ നൽകാനാകും. അപേക്ഷകളിൽ ഏതെങ്കിലും തരത്തിൽ അപാകതകളുണ്ടെങ്കിൽ ഇത് സംബന്ധിച്ച അറിയിപ്പുകളും പുതിയ സംവിധാനത്തിലൂടെ അപേക്ഷകന് തത്സമയം ലഭ്യമാക്കാനാകും. അപേക്ഷയിൽ നടപടികൾ പൂർത്തീകരിക്കുന്ന മുറക്ക് എസ്.എം.എസ് വഴി അപേക്ഷകന് അറിയിപ്പ് ലഭിക്കും.
പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ വെബ് അധിഷ്ഠിതമാണെന്നതിനാൽ കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് വീടുകളിലിരുന്ന് തന്നെ അപേക്ഷകളിൽ നടപടി സ്വീകരിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. ഓരോ സേവനത്തിനും അപേക്ഷിക്കമ്പോൾ നൽകേണ്ട രേഖകൾ സംബന്ധിച്ചുള്ള വിവരവും സൈറ്റിൽ ലഭ്യമാകും. ആവശ്യമായ രേഖകൾ ഓൺലൈനായി തന്നെ സമർപ്പിക്കാനും സൗകര്യമുണ്ടാകും.കൂടാതെ അപേക്ഷ സ്വീകരിച്ചതിന്റെ രസീതും അപേക്ഷയോടൊപ്പം അടയ്ക്കുന്ന ഫീസുകൾക്കുള്ള രസീതും സേവനം എന്ന് ലഭിക്കുമെന്ന് തീയതിയും ഓൺലൈനായി ലഭ്യമാകും